
ഹൈദരാബാദ്: ഐപിഎല്ലില്‍ തകര്‍ത്തടിച്ച് 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് അവസാനിപ്പിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്‍റെ റിവ്യു. ജാമി ഓവര്‍ടണ്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ക്യാച്ചിനായി റിവ്യു എടുക്കാന്‍ സഞ്ജു ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനെ നിര്‍ബന്ധിച്ചത്.
പന്തെറിഞ്ഞ ജാമി ഓവര്‍ടണ് പോലും അത് ക്യാച്ചാണോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങുമ്പോഴാണ് സഞ്ജു റിവ്യു എടുക്കാന്‍ റുതുരാജിനോട് ആവശ്യപ്പെട്ടത്. വിഡിയോ പരിശോധനയില്‍ പന്ത് അഭിഷേകിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ ചെന്നൈ താരങ്ങള്‍ ആഘോഷം തുടങ്ങി. ഇതിന് തൊട്ടു മുമ്പ് അഭിഷേക് നല്‍കിയ അനായാസ ക്യാച്ച് ശിവം ദുബെ കൈവിട്ടിരുന്നു. 22 പന്തില്‍ ആറ് ഫോറും നാലു സിക്സും പറത്തിയ അഭിഷേക് 59 റണ്‍സെടുത്താണ് പുറത്തായത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന് അഭിഷേകും ട്രാവിസ് ഹെഡും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 75 റണ്‍സടിച്ചു. ഹെഡ് കാഴ്ചക്കാരനായപ്പോള്‍ അഭിഷേക് ആയിരുന്നു ആക്രമണത്തിന്‍റെ ചുമതലയേറ്റെടുത്തത്. മുകേഷ് ചൗധരിയുടെ ഓവറില്‍ 3 ബൗണ്ടറികള്‍ പറത്തി ഹെഡും തകര്‍ത്തടിക്കാന്‍ തുടങ്ങിയപ്പോഴാണ് റുതുരാജ് ഗെയ്ക്‌വാദിന്‍റെ തകര്‍പ്പൻ ക്യാച്ചില്‍ 20 പന്തില്‍ 23 റണ്‍സെടുത്ത ഹെഡ് വീണത്.
പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ മുകേഷ് ചൗധരിയുടെ പന്തില്‍ ഗോൾഡന്‍ ഡക്കായി. പിന്നാലെയായിരുന്നു അഭിഷേകിനെ സഞ്ജു റിവ്യുവിലൂടെ വീഴ്ത്തിയത്. അനികേത് വര്‍മയും(2) വലിയ സ്കോര്‍ നേടാതെ വീണെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. പതിനഞ്ചാം ഓവറില്‍ നിതീഷിനെ(8 പന്തില്‍ 12) വീഴ്ത്തി ഓവര്‍ടൺ ഹൈദരാബാദിന് അടുത്ത പ്രഹരമേല്‍പ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!