
കറാച്ചി: ക്യാപ്റ്റന്‍ ബാബര്‍ അസം നിരാശപ്പെടുത്തിയപ്പോള്‍ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായതും അവരെ ഫൈനലിലേക്ക് നയിച്ചതും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ ബാറ്റിംഗായിരുന്നു. ശ്രീലങ്കക്കെതിരായ ഫൈനലിലും റിസ്‌വാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും 49 പന്തില്‍ 55 റണ്‍സെടുത്ത റിസ്‌വാന്‍റെ വണ്‍ ഡേ ഇന്നിംഗ്സിനെതിരെ മുന്‍ താരങ്ങളും പരിശീലകരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
റിസ്‌വാന്‍റെ മെല്ലെപ്പോക്കാണ് പാക്കിസ്ഥാന്‍റെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന വിലയിരുത്തലുമുണ്ടായി. 50 പന്തില്‍ 50 റണ്‍സടിക്കുന്ന പരിപാടി നടക്കില്ലെന്നും അതുകൊണ്ട് പാക്കിസ്ഥാന്‍ ടീമിന് ഒരു ഗുണവുമില്ലെന്നും മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍ പറഞ്ഞിരുന്നു. ഇന്‍സമാമും റിസ്‌വാന്‍റെ ഇന്നിംഗ്സിനെ വിമര്‍ശിച്ചിരുന്നു.
ലോകകപ്പ് ജയിച്ച ആഘോഷം; ഏഷ്യാ കപ്പ് കിരീടവുമായി എത്തിയ ശ്രീലങ്കന്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്
എന്നാല്‍ പുറത്തു നിന്ന് കമന്‍ററി പറയാന്‍ എളുപ്പമാണെന്ന് റിസ്‌വാനെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ സഖ്‌ലിയന്‍ മുഷ്താഖ് പറഞ്ഞു. അവര്‍ പറയുന്നത് അവരുടെ അഭിപ്രായമാണ്. പുറത്തു നിന്നുള്ളവര്‍ക്ക് അങ്ങനെ പലതും പറയാം. അത് അവരുടെ തെറ്റല്ല. കാരണം, അവര്‍ മത്സരഫലം നോക്കിയും സ്കോര്‍ കാര്‍ഡ് നോക്കിയുമാണ് അഭിപ്രായം പറയുന്നത്. എന്നാല്‍ ഡ്രസ്സിംഗ് റൂമിനകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ലല്ലോ.
കളിക്കാരുടെ പരിക്കിനെക്കുറിച്ചോ അവരുടെ ആത്മവിശ്വാസത്തെക്കുറിചച്ചോ യാതൊരു ധാരണയുമില്ലാതെയാണ് അവര്‍ ഇത്തരം കമന്‍റുകള്‍ പാസാക്കുന്നത്. കളിക്കാരുമായി അടുത്തിടപഴകി ജോലി ചെയ്താലെ അവര്‍ക്ക് ഇതിനകത്ത് എന്താണ് സംഭവിക്കുന്നത് എന്നും ടീമിന്‍റെ ഒത്തിണക്കത്തെക്കുറിച്ചുമെല്ലാം മനസിലാവു. താന്‍ അത്തരത്തില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്ത ആളാണെന്നും സഖ്‌ലിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ 23 റണ്‍സിനാണ് ശ്രീലങ്ക പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക20 ഓവറില്‍ 170 റണ്‍സടിച്ചപ്പോള്ർ പാക്കിസ്ഥാന് 20 ഓവറില്‍ 147 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.