
കൊൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ് തകർച്ച നേരിട്ടതോടെ, ഗാലറിയിൽ ടീം ഉടമ ഷാരൂഖ് ഖാനും കൊല്‍ക്കത്ത ടീം സിഇഒ വെങ്കി മൈസൂറും തമ്മില്‍ നടത്തിയ ചൂടേറിയ ചർച്ചയാക്കി ആരാധകര്‍. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകള്‍ കൊല്‍ക്കത്തക്ക് നഷ്ടമായതോടെയാണ് വെങ്കി മൈസൂറുമായി ഷാരൂഖ് ചർച്ചയിൽ ഏർപ്പെട്ടത്.
മഴ പ്രവചനമുണ്ടായിട്ടും പഞ്ചാബിനെതിരെ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും ബൗളിംഗ് ലഭിച്ചതിൽ താൻ സന്തുഷ്ടനാണെന്നും അയ്യർ കൂട്ടിച്ചേർത്തു.മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറിൽ സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ പന്തിൽ ഫിൻ അലനും (6), 25 കോടിക്ക് താരലേലത്തില്‍ സ്വന്തമാക്കിയ കാമറൂൺ ഗ്രീനും (4) പുറത്തായി. ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ പ്രതിസന്ധിയിൽ നിൽക്കെ മഴയെത്തി കളി തടസപ്പെട്ടു. ഈ സമയത്താണ് ക്യാമറക്കണ്ണുകൾ ഷാരൂഖ് ഖാനിലേക്ക് തിരിഞ്ഞത്.
ഗൗരവകരമായ മുഖഭാവത്തോടെ വെങ്കി മൈസൂറിനോട് സംസാരിക്കുന്ന ഷാരൂഖിന്‍റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. "കിംഗ് ഖാൻ അത്ര സന്തോഷത്തിലല്ല" എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ടീമിന്‍റെ തന്ത്രങ്ങളെക്കുറിച്ചോ അതോ മോശം തുടക്കത്തെക്കുറിച്ചോ ആവാം ഈ 'ചൂടേറിയ' ചർച്ചയെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ. മത്സരം മഴ മുടക്കിയതോടെ ഇരു ടീമുകളും ഓരോ പോയന്‍റ് വീതം പങ്കിട്ടു. മഴയുടെ ഇടവേളക്ക് ശേഷം വീണ്ടും ഗ്യാലറിയിലെത്തിയ ഷാരൂഖ് ആരാധകരെ സന്തോഷത്തോടെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
മത്സരത്തിന് മുൻപ് കൊല്‍ക്കത്ത നായകൻ അജിങ്ക്യ രഹാനെ ടീമിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ വരുൺ ചക്രവർത്തിയും കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടായ സുനില്‍ നരെയ്നും മത്സരത്തിൽ കളിക്കുന്നില്ലെന്ന് രഹാനെ വ്യക്തമാക്കിയിരുന്നു. പകരം റോവ്മാൻ പവലും, നവദീപ് സൈനിയുമാണ് കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.
നേരത്തെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ക്യാപ്റ്റൻ റിഷഭ് പന്തിനോട് ഗ്രൗണ്ടില്‍വെച്ച് ദേഷ്യപ്പെടുന്ന രീതിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന്‍റെ മോശം പ്രകടനത്തില്‍ കിംഗ് ഖാനും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയില്‍ പ്രതിതരിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!