എല്ലാ ടി20 ലോകകപ്പിലും കളിച്ചത് രണ്ടേരണ്ട് താരങ്ങള്‍; ഒരാള്‍ ഷാക്കിബ്, രണ്ടാമന്‍ ഇന്ത്യന്‍താരം!

By Jomit JoseFirst Published Sep 20, 2022, 2:26 PM IST
Highlights

2007ലാണ് ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. അന്നുമുതല്‍ ഇന്നുവരെ എല്ലാ ലോകകപ്പിലും കളിച്ച രണ്ടേരണ്ട് താരങ്ങളേയുള്ളൂ.

സിഡ്‌നി: ടി20 ലോകകപ്പിന്‍റെ ആവേശം ഉയരുകയാണ്. കുട്ടിക്രിക്കറ്റിലെ ലോക പോരാട്ടത്തിന് ആഴ്‌ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇക്കുറി ടൂര്‍ണമെന്‍റിന്‍റെ വേദി. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു സുവര്‍ണ റെക്കോര്‍ഡില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ പേരുമുണ്ട്. 

2007ലാണ് ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. അന്നുമുതല്‍ ഇന്നുവരെ എല്ലാ ലോകകപ്പിലും കളിച്ച രണ്ടേരണ്ട് താരങ്ങളേയുള്ളൂ. ഇന്ത്യയുടെ രോഹിത് ശര്‍മ്മയും ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനും. ഇക്കുറി ഓസ്‌ട്രേലിയന്‍ മണ്ണിലിറങ്ങുമ്പോള്‍ എട്ടാം ടി20 ലോകകപ്പാകും ഇരുവര്‍ക്കും. അതേസമയം ഏഴ് ടി20 ലോകകപ്പുകള്‍ കളിച്ച ഒരുപിടി താരങ്ങളുണ്ട് ലോക ക്രിക്കറ്റില്‍. ഡ്വെയ്‌ന്‍ ബ്രാവോ, ക്രിസ് ഗെയ്‌ല്‍, മുഹമ്മദ് മഹമ്മദുള്ള, മുഷ്‌ഫീഖുര്‍ റഹീം എന്നിവര്‍ക്കൊപ്പം ഇത്തവണ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഏഴ് ടി20 ലോകകപ്പുകള്‍ കളിക്കുന്നവരുടെ കൂട്ടത്തിലെത്തും. ഓസ്ട്രേലിയയിലേക്കുള്ള സ്ക്വാഡില്‍ ഇടംപിടിച്ചതോടെ ഗുപ്റ്റിലിന് ഫോര്‍മാറ്റില്‍ ഇത് ഏഴാം ലോകകപ്പാണ്. 

ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ശ്രീലങ്കയും നമീബിയും തമ്മിലാണ് ആദ്യ മത്സരം. 22-ാം തിയതി ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരത്തോടെ സൂപ്പര്‍ 12 മത്സരങ്ങള്‍ തുടങ്ങും. ചരിത്ര ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മയും ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനുമാണ് നയിക്കുക. 23--ാം തിയതി പാകിസ്ഥാനെതിരെയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം ബംഗ്ലാദേശ് ഇറങ്ങും.  

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

ബംഗ്ലാദേശ് സ്‌ക്വാഡ്: ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), സാബിര്‍ റഹ്മാന്‍, മെഹിദി ഹസന്‍ മിറാസ്, ആഫിഫ് ഹൊസൈന്‍, ലിറ്റന്‍ ദാസ്, യാസിര്‍ അലി, നൂരുല്‍ ഹസന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, സൈഫുദ്ദീന്‍, തസ്‌കിന്‍ അഹമ്മദ്, എബാദത്ത് ഹൊസൈന്‍, ഹസന്‍ മഹമൂദ്, നജ്‌മുല്‍ ഹൊസൈന്‍, നാസും അഹമ്മദ്. 

ടിക്കറ്റ് 1500 രൂപ മുതല്‍, വിദ്യാര്‍ഥികള്‍ക്ക് ഇളവ്; കാര്യവട്ടം ടി20യുടെ ടിക്കറ്റ് വില്‍പന തുടങ്ങി

click me!