
ഇന്‍ഡോര്‍: ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തകര്‍ത്തടിച്ച മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലാന്‍ ബി' പ്രതിരോധത്തിലൂന്നിയ തന്ത്രങ്ങളായിരുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷമാര്‍ സ്പ്രിംഗര്‍. മൂന്നാം ടി20യില്‍ അഭിഷേകിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് 14 റണ്‍സിന്റെ വിജയവും പരമ്പരയില്‍ 2-1ന്റെ മുന്‍തൂക്കവും നല്‍കിയത്. 30 പന്തില്‍ 69 റണ്‍സ് നേടിയ അഭിഷേക്, അന്താരാഷ്ട്ര ടി20യില്‍ നേരിട്ട പന്തുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്പ്രിംഗര്‍ വിന്‍ഡീസ് ടീമിന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്തിയത്.
സ്പ്രിംഗറുടെ വാക്കുകള്‍... ''അഭിഷേക് ഒരു ലോകോത്തര കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവിന് അഭിനന്ദനങ്ങള്‍. റോസ്റ്റണ്‍ ചേസിനെതിരെ അഭിഷേക് ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ, 'പ്ലാന്‍ ബി' എന്ന നിലയില്‍ അദ്ദേഹത്തെ പരമാവധി സിംഗിളുകളും ഡബിളുകളും മാത്രം എടുക്കാന്‍ അനുവദിക്കുന്ന രീതിയില്‍ പ്രതിരോധ ബൗളിംഗ് പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കാരണം, ഇത്രയും മികച്ച വിക്കറ്റുകളില്‍ ഇത്തരം ലോകോത്തര ബാറ്റ്സ്മാന്മാര്‍ക്കെതിരെ കാര്യമായ നിയന്ത്രണം സാധ്യമല്ല.''
224 റണ്‍സ് എന്ന വലിയ വിജയലക്ഷ്യം പിന്തുടരാവുന്ന ഒന്നായിരുന്നുവെന്ന് 11 പന്തില്‍ 35* റണ്‍സ് അടിച്ചുകൂട്ടിയ സ്പ്രിംഗര്‍ പറഞ്ഞു. ''ചില പന്തുകള്‍ ഞങ്ങള്‍ റണ്‍സാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ, രണ്ടാം പകുതിയില്‍ പ്രതീക്ഷിച്ചത്ര മഞ്ഞുവീഴ്ച ഉണ്ടായിരുന്നില്ല. പന്ത് പ്രതീക്ഷിച്ചതിലും താഴ്ന്നാണ് വന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ സാഹചര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി.'' സ്പ്രിംഗര്‍ വ്യക്തമാക്കി.
ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ (5) നേരത്തെയുള്ള പുറത്താകല്‍ ടീമിനെ ബാധിച്ചില്ലെന്നും വിന്‍ഡീസിന് ആഴത്തിലുള്ള ബാറ്റിംഗ് നിരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയിലോ മിഡില്‍ ഓവറുകളിലോ ചില റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.
ഈ പരമ്പരയില്‍ വിന്‍ഡീസിനായി മികച്ച രീതിയില്‍ പന്തെറിയുന്ന ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിന്റെ പ്രകടനങ്ങള്‍ അര്‍ഹിക്കുന്നത്ര ശ്രദ്ധ നേടുന്നില്ലെന്നും, ടീമില്‍ ശാന്തതയും നിയന്ത്രണവും കൊണ്ടുവരുന്ന പ്രധാന ഘടകം ചേസാണെന്നും സ്പ്രിംഗര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!