അക്കാലം കഴിഞ്ഞാണ് ഞാനും വന്നത്; ബൂമ്രയ്ക്ക് പിന്തുണയുമായി ഷമി

By Web TeamFirst Published Feb 16, 2020, 7:20 PM IST
Highlights

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയ്ക്ക് പിന്തുണയുമായി സഹതാരം മുഹമ്മദ് ഷമി. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബൂമ്രയ്ക്ക് സാധിച്ചിട്ടില്ല.

വെല്ലിങ്ടണ്‍: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയ്ക്ക് പിന്തുണയുമായി സഹതാരം മുഹമ്മദ് ഷമി. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബൂമ്രയ്ക്ക് സാധിച്ചിട്ടില്ല. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങളില്‍ ഒന്നില്‍ പോലും വിക്കറ്റെടുക്കാന്‍ ബൂമ്രക്ക് കഴിഞ്ഞിരുന്നില്ല. മോശം പ്രകടനത്തിന്റെ പേരില്‍ പലരും താരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷമി പിന്തുണയുമായെത്തിയത്.

ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന ത്രിദിന സന്നാഹ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഷമി. താരം തുടര്‍ന്നു... ''എല്ലാ കായിക താരങ്ങള്‍ക്കും പരിക്കേല്‍ക്കും. ഞാനും അങ്ങനെയൊരു ഘട്ടം കഴിഞ്ഞ് വന്നതാണ്. എന്നാല്‍ ഇതിന്റെയെല്ലാം പോസിറ്റീവ് വശം മാത്രമാണ് പരിശോധിക്കേണ്ടത്. രണ്ടോ മൂന്നോ മത്സരംകൊണ്ട് ബൂമ്രയുടെ കഴിവിനെ അളക്കരുത്. അദ്ദേഹം ഇന്ത്യക്ക് നല്‍കിയതെല്ലാം എങ്ങനെയാണ് മറക്കാന്‍ കഴിയുക. പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ ചിന്തിച്ചാല്‍ താരങ്ങളുടെ ആത്മവിശ്വാസവും വര്‍ധിക്കും.''

യുവതാരം നവ്ദീപ് സൈനിയേയും ഷമി പ്രശംസിച്ചു. കൂടുതല്‍ മത്സരം കളിക്കുന്നതിലൂടെ സൈനി ഒരുപാട് കാര്യങ്ങള്‍ പഠിക്കുമെന്ന് ഷമി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''കഴിവുള്ള താരമാണ് സൈനി. കൂടുതല്‍ പ്രായമായിട്ടില്ല. ഉയരം, പ്രായം, കഴിവ് ഇതെല്ലാം അവന് അനുകൂല ഘടകമാണ്. നേര്‍വഴിക്ക് നയിക്കാനായാല്‍ അവന്‍ ഇന്ത്യന്‍ ടീമിനൊരു മുതല്‍കൂട്ടാവും. ഞാനുള്‍പ്പെടെയുള്ള താരങ്ങള്‍ ഇപ്പോള്‍ സൈനിയെ സഹായിക്കാനുണ്ട്.'' ഷമി പറഞ്ഞുനിര്‍ത്തി. 

ന്യൂസിലന്‍ഡിനെ പിച്ചുകള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ പേസര്‍മാര്‍ക്ക് സാധിക്കുമെന്നും ഷമി പറഞ്ഞു.

click me!