
ഗുവാഹത്തി: ലോക ക്രിക്കറ്റില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് കാരണമാകുമായിരുന്ന ഒരു 'മങ്കാദിംഗ്' റൺഔട്ട് ശ്രമം ഒടുവില്‍ ചിരിയില്‍ അവസാനിച്ചു. ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് സംഭവം. ഇന്ത്യ ഉയര്‍ത്തിയ കൂറ്റൻ സ്കോറിന് മുന്നില്‍ ശ്രീലങ്ക നേരത്തെ തന്നെ തോല്‍വി ഉറപ്പിച്ചിരുന്നെങ്കിലും ശ്രീലങ്കൻ നായകന്‍ ദാസുന്‍ ഷനക തലകുനിക്കാതെ മുന്നില്‍ നിന്നുള്ള പോരാട്ടം തുടര്‍ന്നു. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാന്‍ എത്തിയത് മുഹമ്മദ് ഷമിയാണ്.
മൂന്നാം ബോളില്‍ സിംഗിള്‍ വന്നതോടെ ഷനക നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായി. പന്തെറിയാനായി ഓടിയെത്തിയ ഷമി ഷനക ക്രീസിന് പുറത്താണെന്ന് കണ്ട് ബൗളിംഗ് എന്‍ഡിനെ സ്റ്റംമ്പ് ഇളക്കുകയും റണ്‍ ഔട്ടിന് അപ്പീല്‍ ചെയ്യുകയും ചെയ്തു. അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം എടുക്കാനായി വിഷയം വിട്ടപ്പോഴേക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓടിയെത്തിയ ഷമിയുമായി സംസാരിച്ചു. ഒടുവില്‍ ചെറു ചിരിയോടെ ഷമി അപ്പീല്‍ പിൻവലിക്കുകയായിരുന്നു. എന്തായാലും ഷമിയെ ഫോറിന് പറത്തി സെഞ്ചുറി നേടിയ ഷനക അവസാന പന്ത് സിക്സും പറത്തി ശ്രീലങ്കയുടെ പരാജയഭാരം വളരെയധികം കുറച്ചു.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 67 റണ്‍സ് ജയമാണ് ഇന്ത്യ നേടിയത്. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (113) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനാണ് സാധിച്ചത്. ദശുന്‍ ഷനക (108) സെഞ്ചുറിയുമായി പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഉമ്രാന്‍ മാലിക്ക് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.