
അഹമ്മദാബാദ്: ഭീകരതയ്ക്ക് എതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂർ പ്രമേയമാക്കി ഐപിഎല്‍ പതിനെട്ടാം സീസണിന്റെ സമാപന ചടങ്ങ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും തമ്മിലുള്ള ഫൈനൽ മത്സരത്തിന് മുമ്പാണ് സമാപന ചടങ്ങ് നടന്നത്. ദേശീയ അവാർഡ് ജേതാവായ ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ഇന്ത്യൻ സായുധ സേനയ്ക്ക് സംഗീത പ്രകടനത്തിലൂടെ ആദരവറിയിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്റെ പ്രകടനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു.
ശങ്കർ മഹാദേവന്റെ പ്രകടനം ആരംഭിച്ചതോടെ നരേന്ദ്ര മോദി സ്റ്റേഡിയം ദേശഭക്തി ഗാനങ്ങളാൽ മുഖരിതമായി. 'ഏ വതൻ', 'ലെഹ്‌റ ദോ', 'മേം രഹുൻ യാ ന രഹുൻ', 'ഭാരത് യേ രഹ്നാ ചാഹിയേ' തുടങ്ങിയ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ശങ്കർ മഹാദേവൻ സ്റ്റേഡിയത്തിന്റെ അന്തരീക്ഷം ആവേശഭരിതമാക്കി. 'ഏ വതൻ-വതൻ മേരേ അബാദ് രഹേ തു' എന്ന ഗാനം സ്റ്റേഡിയം ഒന്നടങ്കം ഏറ്റുപാടി. 'മാ തുജേ സലാം' എന്ന ഗാനം സ്റ്റേഡിയത്തെ കുളിരണിയിച്ചു. കാണികളും ത്രിവർണ്ണ പതാക വീശി സായുധ സേനയുടെ വീര്യത്തെ ആദരിക്കുന്ന മനോഹരമായ കാഴ്ചയ്ക്കും നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായി. ശങ്കർ മഹാദേവന്റെ മക്കളായ ശിവം, സിദ്ധാർത്ഥ് എന്നിവരും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.