
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിലെ ജയത്തോടെ ഇന്ത്യ മൂന്ന് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രയസ് അയ്യരുടെ സെഞ്ചുറി (111 പന്തില്‍ പുറത്താവാതെ 113), ഇഷാന്‍ കിഷന്റെ (84 പന്തില്‍ 93) ഇന്നിംഗ്‌സുമൊക്കെയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ 36 പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തു.
ബാറ്റര്‍മാരുടെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ മത്സരശേഷം പറഞ്ഞു. മാത്രമല്ല, ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് ചിരിയോടെ ഒരു നന്ദിയും ധവാന്‍ പറയുന്നുണ്ട്. ധവാന്റെ വാക്കുകള്‍. ''എല്ലാം ഞങ്ങള്‍ അനൂകുലമായി സംഭവിച്ചു. ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് കടപ്പെട്ടിരിക്കുന്നു. കൃത്യമായ സമയത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടായി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു. അവരുടെ കൂട്ടുകെട്ട് ഏറെ ആസ്വദിച്ചു.
എടികെ മോഹന്‍ ബഗാന് ഇന്ന് ആദ്യ മത്സരത്തിന്, ആഷിഖ് കുരുണിയന് അരങ്ങേറ്റം; എതിരാളി ചെന്നൈയിന്‍ എഫ്‌സി
ആദ്യ പത്ത് ഓവറില്‍ പരമാവധി റണ്‍സ് നേടാനായിരുന്നു ലക്ഷ്യം. മധ്യ ഓവറുകളില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് അറിയാമായിരുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറെ സന്തോഷം. എല്ലാവരും യുവാക്കളാണ്. അവര്‍ക്ക് പഠിക്കാനുള്ള അവസരമായിരുന്നിത്. പ്രത്യേകിച്ച ഷഹ്ബാസ് അഹമ്മദ്. അവരെല്ലാം ഒരുപാട് പക്വത കാണിക്കുന്നതില്‍ ഏറെ സന്തോഷം.'' ധവാന്‍ മത്സരശേഷം പറഞ്ഞു.
നേരത്തെ, റീസ ഹെന്‍ഡ്രിക്‌സ് (74), എയ്ഡന്‍ മാര്‍ക്രം (79) എന്നിവരുടെ ഇന്നിംഗ്‌സാണ് സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്. ഡേവിഡ് മില്ലര്‍ (34 പന്തില്‍ പുറത്താവാതെ 35), ഹെന്റിച്ച് ക്ലാസന്‍ (30) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പിന്നാലെ ബാറ്റിംഗിനെത്തിയ ഇന്ത്യയെ ശ്രേയസിന്റെ രണ്ടാം ഏകദിന സെഞ്ചുറി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്‌സും നിര്‍ണായകമായി. 84 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. സെന്‍സിബിള്‍ ഇന്നിംഗ്‌സ് കളിച്ച സഞ്ജു ഓരോ സിക്‌സും ഫോറും നേടി.