സെവാഗിനെക്കാള്‍ പ്രതിഭയുണ്ടായിരുന്നു പക്ഷെ, ബുദ്ധിയില്ലാതെ പോയി; പാക് താരത്തെക്കുറിച്ച് അക്തര്‍

By Web TeamFirst Published Apr 29, 2020, 5:46 PM IST
Highlights

സെവാഗിനുണ്ടായിരുന്ന ബുദ്ധി നസീറിനുണ്ടായിരുന്നില്ല, അതുപോലെ നസീറിനോളം പ്രതിഭ സെവാഗിനും. പ്രതിഭയുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ താരതമ്യം പോലും സാധ്യമല്ലായിരുന്നു.

കറാച്ചി: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനേക്കാള്‍ പ്രതിഭയുണ്ടായിട്ടും ക്രിക്കറ്റില്‍ ഒന്നുമാകാതെ പോയ പാക് ഓപ്പണിംഗ് ബാറ്റ്സ്മാനെക്കുറിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. പാക് ഓപ്പണറായിരുന്ന ഇമ്രാന്‍ നസീറിനെക്കുറിച്ചാണ് അക്തറിന്റെ പരമാര്‍ശം.

മികച്ച രീതിയില്‍ കരിയര്‍ തുടങ്ങിയ ഇമ്രാന്‍ നസീറിന് സെവാഗിനേക്കാള്‍ പ്രതിഭയുണ്ടായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ നല്ല തുടക്കമിടാന്‍ നസീറിനായിരുന്നു. പക്ഷെ രാജ്യാന്തര ക്രിക്കറ്റില്‍ തുടരാനുള്ള മനോഭാവമോ ബുദ്ധിയോ നസീറിന് ഇല്ലാതെപോയി. സെവാഗിനുണ്ടായിരുന്ന ബുദ്ധി നസീറിനുണ്ടായിരുന്നില്ല, അതുപോലെ നസീറിനോളം പ്രതിഭ സെവാഗിനും. പ്രതിഭയുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ താരതമ്യം പോലും സാധ്യമല്ലായിരുന്നു. ഞങ്ങളവനെ നിയന്ത്രിച്ച് നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല-ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത് അക്തര്‍ പറഞ്ഞു.

Alos Read: ഇവരാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിച്ച മികച്ച അഞ്ച് ഓപ്പണിംഗ് ജോഡികള്‍

നസീറിനെ മികച്ച കളിക്കാരനായി വളര്‍ത്തിയെടുക്കാന്‍ കഴിയാത്തത് പാക് ബോര്‍ഡിന്റെ പരാജയമാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സെവാഗിനെക്കാള്‍ മികച്ച കളിക്കാരനായി നസീര്‍ വളരുമായിരുന്നു. ഇന്ത്യക്കെതിരായ ഒരു മത്സരത്തില്‍ നസീര്‍ വെടിക്കെട്ട് സെഞ്ചുറി അടിച്ചപ്പോള്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി ടീമില്‍ അവസരം നല്‍കണമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ പാക് ബോര്‍ഡ് അത് ചെവിക്കൊണ്ടില്ല.

സ്വന്തം പ്രതിഭകളെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തത് പാക്കിസ്ഥാന്റെ ശാപമാണ്. വളര്‍ത്തിയെടുത്തിരുന്നെങ്കില്‍ നസീറിനെ സെവാഗിനെക്കാള്‍ കേമനാക്കാമായിരുന്നു. മികച്ച ഫീല്‍ഡറുമായിരുന്നു ഇമ്രാന്‍ നസീര്‍. നസീറിനെ ബുദ്ധിപരമായി ഉപയോഗിക്കാന്‍ പാക് ടീമിനായില്ലെന്നും അക്തര്‍ പറഞ്ഞു.

Alos Read: ഒരു മത്സരത്തില്‍ തന്നെ സ്പിന്നും പേസും ഒരുപോലെ എറിഞ്ഞ ആറ് താരങ്ങള്‍

തന്റേതായ ദിവസം ഏത് ബൗളിംഗ് നിരയെയും അടിച്ചു തകര്‍ക്കാന്‍ കഴിവുണ്ടായിരുന്ന നസീര്‍ പാക്കിസ്ഥാനായി എട്ട് ടെസ്റ്റിലും 79 ഏകദിനത്തിലും 25 ടി20യിലും മാത്രമാണ് കളിച്ചത്. ടെസ്റ്റില്‍ 427 ഉം, ഏകദിനത്തില്‍ 1895ഉം, ടി20യില്‍ 500 ഉം റണ്‍സാണ് നസീറിന്റെ നേട്ടം.

click me!