ഇന്ത്യന്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് അക്തര്‍

By Web TeamFirst Published Feb 17, 2021, 6:11 PM IST
Highlights

രോഹിത്തിനെപ്പോലൊരു കളിക്കാരന്‍ 160 റണ്‍സോളം അടിക്കുകയും അശ്വിന്‍ വിക്കറ്റെടുക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് പിന്നെ കാര്യങ്ങള് എളുപ്പമാവില്ലെന്ന് ഉറപ്പായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കാനും ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിനുമേല്‍ മാനസികാധിപത്യം നേടിയ ഇന്ത്യന്‍ ടീം വരുന്ന രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കുമെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ തോല്‍വിക്ക് ശേഷം പലരും ഇന്ത്യയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ എനിക്കന്നേ അറിയാമായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരുമെന്ന്. ഇന്ത്യയുടെ സപീമകാല പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവും. ഓസ്ട്രേലിയയിലും ഇന്ത്യ ഇതേരീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞു. ഇത് പരമാവധി മുതലെടുക്കുന്ന ഇന്ത്യ വരുന്ന രണ്ട് ടെസ്റ്റിലും ജയിച്ച് 3-1ന് പരമ്പര സ്വന്തമാക്കും.

രോഹിത്തിനെപ്പോലൊരു കളിക്കാരന്‍ 160 റണ്‍സോളം അടിക്കുകയും അശ്വിന്‍ വിക്കറ്റെടുക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് പിന്നെ കാര്യങ്ങള് എളുപ്പമാവില്ലെന്ന് ഉറപ്പായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കാനും ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഏറ്റവും മികച്ച കളിയാകും അവര്‍ പുറത്തെടുക്കുക എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എങ്കിലും ഇന്ത്യയെപ്പോലൊരു ഒന്നാം നമ്പര്‍ ടീം പരമ്പര തോറ്റു തുടങ്ങുന്നത് നല്ല ശീലമല്ലെന്നും അക്തര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. 24ന് അഹമ്മദാബാദില്‍ ആണ് മൂന്നാം ടെസ്റ്റ്. ഇത് പകല്‍-രാത്രി മത്സരമാണ്.

click me!