
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍റെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് ലക്ഷ്യമിടുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാത്രം 146.25 ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ ഇതുവരെ അടിച്ചെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററെന്ന ബ്രാഡ്മാന്‍റെ റെക്കോര്‍ഡിലേക്ക് ഗില്ലിന് ഇനി ബാക്കിയുള്ള മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 390 റണ്‍സ് കൂടി മതി.
1930ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ബ്രാഡ്മാന്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 974 റണ്‍സ് നേടി റെക്കോര്‍ഡിട്ടത്. നിലവില ഫോമില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ നിന്ന് 390 റണ്‍സ് അടിക്കുക ഗില്ലിനെ സംബന്ധിച്ച് അസാധ്യമല്ലെന്നാണ് വിലയിരുത്തല്‍.
ബ്രാഡ്മാന്‍റെ പേരിലുള്ള 88 വര്‍ഷം പഴക്കമുള്ള മറ്റൊരു റെക്കോര്‍ഡും ഈ പരമ്പരയില്‍ തന്നെ ഗില്‍ മറികടന്നേക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റനായി ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്‍റെ റെക്കോര്‍ഡാണിത്. 1936-37 ആഷസ് പരമ്പരയില്‍ ബ്രാഡ്മാന്‍ നേടിയ 810 റണ്‍സാണ് ഒരു ടെസ്റ്റ് പരമ്പരയിലെ ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ആ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാക്കിയുള്ള മൂന്ന് ടെസ്റ്റില്‍ നിന്ന് ഗില്ലിന് 225 റണ്‍സ് കൂടി നേടിയാല്‍ മതിയാവും. ക്യാപ്റ്റനായി ബ്രാഡ്മാന്‍റെയും ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു അത്.
ഇന്ത്യൻ ക്യാപ്റ്റൻമാരില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചതിന്‍റെ റെക്കോര്‍ഡും ഈ പരമ്പരയില്‍ ഗില്‍ സ്വന്തമാക്കിയേക്കും.1978/79ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ആറ് ടെസ്റ്റിൽ ഗാവസ്കർ നേടിയ 732 റൺസാണ് നിലവിൽ ഇന്ത്യൻ ക്യാപ്റ്റന്‍റെ ഒരു പരമ്പരയിലെ മികച്ച പ്രകടനം. ഗവാസ്കറെ മറികടക്കാൻ ഗില്ലിന് ഇനി മൂന്ന് ടെസ്റ്റില്‍ നിന്ന് 148 റണ്‍സ് കൂടി മതിയാവും.
ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ ബാറ്ററാവാനും ഈ പരമ്പരയില്‍ ഗില്ലിന് അവസരമുണ്ട്. 1970-71ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ ഗവാസ്കര്‍ നേടിയ 774 റണ്‍സാണ് ഒരു പരമ്പരയില്‍ ഇന്ത്യൻ ബാറ്ററുടെ മികച്ച പ്രകടനം. ഗവാസ്കര്‍ക്കൊപ്പമെത്താന്‍ ഗില്ലിന് ഇനി വേണ്ടത് 189 റണ്‍സ് മാത്രമാണ്. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഗില്ലിന് ഇനി വേണ്ടത് മൂന്ന് സെഞ്ചുറികളാണ്. 1955ൽ ഓസ്ട്രേലിയക്കെതിരെ വിന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ട് അഞ്ച് സെഞ്ചുറികള്‍ നേടിയതിന്‍റെ റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക