
ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ശേഷം ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ബിസിസിഐ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഗില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മകള്‍ സമൈയ്റക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഗില്‍ ഞാനും സാമിയും അച്ചടക്കത്തിന്‍റെ കല രോഹിത് ശര്‍മയില്‍ നിന്ന് പഠിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ഗില്‍ ചിത്രം പങ്കുവെച്ചത്.
ലോകകപ്പ് ടീമിനൊപ്പമുള്ള നാല് ട്രാവലിംഗ് റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെട്ട ഗില്ലിനെയും ആവേശിനെയും സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് തിരിച്ചയക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ടീമിലെ ആര്‍ക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനില്‍ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കില്‍ ഗ്രൂപ്പ് 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വെസ്റ്റ് ഇന്‍ഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഗില്ലിനെ തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ പുറത്തുവന്നു.
ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസര്‍വ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താല്‍പര്യമില്ലെന്നും അമേരിക്കയില്‍ വ്യക്തിഗത കാര്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് ഗില്‍ സമയം ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് ഗില്ലിനെതിരെ ബിസിസിഐ അച്ചടക്ക നടപടിയെടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഗില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു. വിരാട് കോലിയെ ഫോളോ ചെയ്യുന്ന ഗില്‍ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ക്യാപ്റ്റനൊപ്പമുള്ള ചിത്രം പങ്കവെച്ച് ഗില്‍ അച്ചടക്കം പഠിക്കുകയാണെന്ന് വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക