
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) വനിതാ ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീമും(India Women's Cricket Team) മത്സരിക്കുന്നുണ്ട്. അഞ്ച് തവണ ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് കോമണ്‍വെല്‍ത്തിലെ ഫേവറൈറ്റുകള്‍ എന്നാണ് പൊതുവെയുള്ള അനുമാനം. എന്നാല്‍ ഓസീസിനെ കൊമ്പന്‍മാരായി കാണുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന(Smriti Mandhana).
'ഒട്ടേറെ ടൂര്‍ണമെന്‍റുകളില്‍ ഓസ്‌ട്രേലിയയെ ഉദ്ഘാടന മത്സരത്തില്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. ടി20യില്‍ ഏത് ടീം വേണമെങ്കിലും ആരേയും തോല്‍പിക്കാം. ഞാന്‍ ഓസീസിനെ വമ്പന്‍ ടീമായി വിശേഷിപ്പിക്കില്ല. ഞങ്ങളുടെ കാഴ്‌ചപ്പാടില്‍ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബാര്‍ബഡോസ് ടീമുകള്‍ക്കെല്ലാം എതിരായ മത്സരങ്ങള്‍ നിര്‍ണായകമാണ്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുക. ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ വളരെ മികച്ചതാണ്. അത് കോമണ്‍വെല്‍ത്ത് മെഡലിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും സ്‌മൃതി മന്ഥാന വ്യക്തമാക്കി.
നാല് ടീമുകളായി തിരിച്ചുള്ള രണ്ട് ഗ്രൂപ്പുകളായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പില്‍ നിന്നും ഏറ്റവും മികച്ച രണ്ട് ടീമുകള്‍ വീതം സെമിക്ക് യോഗ്യരാവും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടുക. ജേതാക്കള്‍ കലാശപ്പോരില്‍ ഏറ്റുമുട്ടും. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ വെങ്കല മെഡലിനായുള്ള മൂന്നാം സ്ഥാനത്തിനായി പോരടിക്കും. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബാര്‍ബഡോസ്, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളുമാണുള്ളത്. 1998ല്‍ ക്വലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ക്രിക്കറ്റ് അവസാനമായി അരങ്ങേറിയത്. അന്നത് പുരുഷന്‍മാരുടെ ക്രിക്കറ്റ് ടൂര്‍ണമെന്‍റായിരുന്നു.
ആതിഥേയര്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് നേരിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റിന് യോഗ്യത നേടിയത്. ഐസിസി വനിതാ ടി20യിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തി ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകളും യോഗ്യത കണ്ടെത്തി. ക്വാളിഫയറിലൂടെയാണ് ബാര്‍ബഡോസും ശ്രീലങ്കയും ഗെയിംസിനെത്തുന്നത്. ഇക്കുറി ജൂലൈ 29ന് ഓസ്ട്രേലിയ-ഇന്ത്യ തീപാറും പോരാട്ടത്തോടെയാണ് ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ ഗെയിംസില്‍ ആരംഭിക്കുക. പിന്നാലെ ഇന്ത്യ-പാക് മത്സരവുമുണ്ട്. ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, സബിനേനി മേഘന, താനിയ ഭാട്ടിയ, യഷ്ടിക ഭാട്ടിയ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ്, പൂജ വസ്ത്രകര്‍, മേഘ്‌ന സിംഗ്, രേണുക സിംഗ്, ജമീമ റോഡ്രിഗസ്, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ് റാണ.