'ഒരാളെ കുരങ്ങനെന്ന് വിളിച്ചിട്ടും അയാള്‍ രക്ഷപ്പെട്ടു'; ഹര്‍ഭജനും ബിസിസിഐക്കുമെതിരെ ഒളിയമ്പെയ്ത് അക്തര്‍

By Web TeamFirst Published Jul 22, 2020, 5:27 PM IST
Highlights

ചിലപ്പോള്‍ മെല്‍ബണില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് ബാറ്റിംഗ് എളുപ്പമുള്ള പിച്ച് ലഭിക്കും. ഇനി ചിലപ്പോള്‍ അവരില്‍ ഒരാള്‍ എതിര്‍ ടീമിലെ ഒരു കളിക്കാരനെ കുരങ്ങനെന്ന് പരസ്യമായി വിളിച്ചാലും രക്ഷപ്പെടും. എന്നിട്ടവര്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തും. എനിക്ക് ചോദിക്കാനുള്ളത് ഓസ്ട്രേലിയയുടെ ധാര്‍മികതയൊക്കെ എവിടെപ്പോയി എന്നാണ്

കറാച്ചി: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഏറ്റവുമധികം പുകഴ്ത്തിയിട്ടുള്ള  താരങ്ങളില്‍ ഒന്നാമതാണ് പാക് മുന്‍ താരം ഷൊഹൈബ് അക്തര്‍. സച്ചിനെയും സെവാഗിനെയും ഗാംഗുലിയെയും എല്ലാം തന്റെ യുട്യൂബ് വീഡിയോകളിലൂടെ അക്തര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഇന്ത്യന്‍ താരത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അക്തര്‍. ഒരാള്‍ മറ്റൊരാളെ കുരങ്ങനെന്ന് വിളിച്ചിട്ടും ഐസിസിക്കുമേല്‍ ബിസിസിഐക്കുള്ള പണക്കൊഴുപ്പും സ്വാധീനവും സമ്മര്‍ദ്ദവും കാരണം അനായാസം രക്ഷപ്പെട്ടുവെന്നാണ് അക്തര്‍ ഹര്‍ഭജന്റെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. ജിയോ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്തറിന്റെ തുറന്നുപറച്ചില്‍.

ഏഷ്യാ കപ്പും ടി20 ലോകകപ്പും ഈ വര്‍ഷം തന്നെ നടക്കുമായിരുന്നുവെന്നും എന്നാല്‍ ബിസിസിഐയുടെയും ഐപിഎല്ലിന്റെയും താല്‍പര്യം സംരക്ഷിക്കാനായി രണ്ട് ടൂര്‍ണമെന്റുകളും മാറ്റിവെക്കുകയായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. ഏഷ്യാ കപ്പ് ഇനി നടക്കാന്‍ സാധ്യതയില്ലെന്നും അക്തര്‍ വ്യക്തമാക്കി. ബിസിസിഐയുടെ പണക്കൊഴുപ്പിനും സ്വാധീനത്തിനും സമ്മര്‍ദ്ദത്തിനും മുന്നില്‍ ഐസിസി അടിയറവു പറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അക്തര്‍ ഹര്‍ഭജന്‍ സംഭവം ചൂണ്ടിക്കാട്ടിയത്.

ചിലപ്പോള്‍ മെല്‍ബണില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് ബാറ്റിംഗിന് എളുപ്പമുള്ള പിച്ച് ലഭിക്കും. ഇനി ചിലപ്പോള്‍ അവരില്‍ ഒരാള്‍ എതിര്‍ ടീമിലെ ഒരു കളിക്കാരനെ കുരങ്ങനെന്ന് പരസ്യമായി വിളിച്ചാലും രക്ഷപ്പെടും. എന്നിട്ടവര്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തും. എനിക്ക് ചോദിക്കാനുള്ളത് ഓസ്ട്രേലിയയുടെ ധാര്‍മികതയൊക്കെ എവിടെപ്പോയി എന്നാണ്.പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നിങ്ങളുടെ താരങ്ങള്‍ ശിക്ഷിക്കപ്പെട്ടു. പക്ഷെ നിങ്ങളിലൊരാളെ പരസ്യമായി കുരങ്ങനെന്ന് വിളിച്ചയാളോ ?, അയാള്‍ അയാളുടെ പാട്ടിന് പോയി. പരമ്പരയില്‍ നിന്ന് പിന്‍മാറുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ നിങ്ങളിവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മാറ്റി പറഞ്ഞു.

ഐസിസി ഗൗരവമായി സമീപിച്ചില്ലെങ്കില്‍ ക്രിക്കറ്റ് ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നും അക്തര്‍ പറഞ്ഞു. ഏതാനും ലോകകപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ ഐസിസിയുടെ കീഴില്‍ നടക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തേക്ക് ക്രിക്കറ്റിനോട് നീതി പുലര്‍ത്താന്‍ ഐസിസിക്കാവുന്നില്ലെങ്കില്‍ ഏതാനും ലോകകപ്പുകളും 10, ടി20 ലീഗുകളും മാത്രമെ ഇനി അവശേഷിക്കു.

നീതിയുടെ ഭാഗത്തു നില്‍ക്കാത്തിടത്തോളം ക്രിക്കറ്റിന്റെ നിലവാരം ഇനിയും താഴേക്ക് പോവും. ക്രിക്കറ്റിന്റെ കാര്യത്തില്‍ ഐസിസി കാര്യമായ മാറ്റങ്ങള്‍ക്ക് തയാറായില്ലെങ്കില്‍ അത് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. ക്രിക്കറ്റിന്റെ സുവര്‍ണകാലം അവസാനിച്ചുവെന്ന് പറഞ്ഞ അക്തര്‍ ഇപ്പോള്‍ വിഴ്ചയുടെ പാതയിലാണ് ക്രിക്കറ്റെന്നും ചൂണ്ടിക്കാട്ടി.

click me!