
കൊല്‍ക്കത്ത: നീണ്ട 10 വർഷത്തെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഏറെ പ്രതീക്ഷയോടെയാണ് രോഹിത് ശർമ്മയും സംഘവും ഇത്തവണ ഏകദിന ലോകകപ്പ് സ്വന്തം നാട്ടില്‍ കളിക്കുന്നത്. ലോകകപ്പിന് മുമ്പ് തന്‍റെ പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 2003ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായകനാണ് ദാദ.
'എല്ലാ തവണയും ലോകകപ്പ് നേടാന്‍ ഒരേ ടീമിനാവില്ല. മോശം സമയങ്ങളുണ്ടാകും. കിരീടങ്ങള്‍ക്കിടയില്‍ ഇടവേളയുണ്ടാകും. ഇന്ത്യയുടെ മുന്‍നിര ബാറ്റർമാർ റണ്‍സ് കണ്ടെത്തണം. ഏഷ്യാ കപ്പും ലോകകപ്പും ഓസീസിനെതിരായ ഹോം സീരീസും എല്ലാം വ്യത്യസ്തമാണ്. ആ പ്രത്യേക ടൂർണമെന്‍റില്‍ എങ്ങനെ കളിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും മത്സരഫലം. ഇന്ത്യ കരുത്തരായ ടീമാണ്. എന്നാല്‍ ലോകകപ്പില്‍ ആ കളി പുറത്തെടുക്കുകയും വേണം. എങ്കിലേ കിരീടം നേടാന്‍ സാധിക്കൂ' എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.
അതേസമയം ഏഷ്യാ കപ്പ് സ്ക്വാഡില്‍ ഇടംനേടാന്‍ കഴിയാതിരുന്ന സ്‍പിന്നർ യുസ്‍വേന്ദ്ര ചഹലിന് ഇനിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരമുണ്ട് എന്നും ഗാംഗുലി നിരീക്ഷിക്കുന്നു. 'ബാറ്റിംഗ് പരിഗണിച്ച് ചഹലിന് മുകളില്‍ അക്സർ പട്ടേലിനെ ഏഷ്യാ കപ്പിനായി തെരഞ്ഞെടുത്തു. ഇതൊരു നല്ല തീരുമാനമാണ് എന്ന് കരുതുന്നു. ആർക്കെങ്കിലും പരിക്കേറ്റാല്‍ ചഹലിന് ഇപ്പോഴും തിരിച്ചുവരാനുള്ള അവസരമുണ്ട്. മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലിന് പരിക്കില്ല, താരം ഫിറ്റാണ്' എന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പില്‍ സെപ്റ്റംബർ രണ്ടിന് പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. നേരത്തെയുണ്ടായിരുന്ന പരിക്ക് മാറിയെങ്കിലും പുതിയ പരിക്കിനാല്‍ കെ എല്‍ രാഹുലിന് ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായാക്കും എന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇഷാന്‍ കിഷനാണ് ഏഷ്യാ കപ്പ് സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ ബാക്ക്-അപ് താരമായി ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ അനുഗമിക്കുന്നുമുണ്ട്. രാഹുലിന്‍റെ കാര്യത്തില്‍ ഗാംഗുലി നല്‍കുന്ന സൂചന സഞ്ജുവിന്‍റെ സാധ്യതകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍പിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!