മൂന്ന് മാസത്തെ സമയം തരൂ; മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന് സൗരവ് ഗാംഗുലി

By Web TeamFirst Published Jul 17, 2020, 12:52 PM IST
Highlights

2008ലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2011 വരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നു.
 

കൊല്‍ക്കത്ത: 2008ലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2011 വരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരു കാര്യം വ്യക്തമാക്കിയിരുന്നു. വിരമിക്കല്‍ കുറച്ച് നേരത്തെ ആയെന്നായിരുന്നു ഗാംഗുലി  പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഗാംഗുലി.

തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''വിരമിക്കുന്ന സമയത്ത് രണ്ട് ഏകദിന പരമ്പരയില്‍ കൂടി കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. റണ്‍സെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. നാഗ്പൂര്‍ ടെസ്റ്റിന് ശേഷം വിരമിച്ചിരുന്നില്ലെങ്കില്‍ അടുത്ത രണ്ട് പരമ്പരയിലും എനിക്ക് റണ്‍സെടുക്കാന്‍ സാധിക്കുമായിരുന്നു. വെറും മൂന്നു മാസത്തെ തയ്യാറെപ്പും മൂന്നു രഞ്ജി ട്രോഫി മല്‍സരങ്ങളില്‍ കല്‍ക്കുകയും ചെയ്താല്‍ തനിക്കു താളം വീണ്ടെടുക്കാന്‍ കഴിയും. പിന്നാലെ ഇന്ത്യക്ക് ടെസ്റ്റ് കളിക്കാനും സാധിക്കും.

ഇങ്ങനെ ഒരു അവസരം ഇനി ലഭിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ റണ്‍സെടുക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നിട്ട് പോലും ഏകദിന ടീമില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വേദി ലഭിക്കുന്നില്ലെങ്കില്‍ കഴിവ് പുറത്തെടുക്കാന്‍ സാധിക്കില്ല. എന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി.

2007-08ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് രാഹുല്‍ ദ്രാവിഡിനൊപ്പം ഗാംഗുലിയും ഏകദിന ടീമില്‍ നിന്നും തഴയപ്പെട്ടത്. ഗാംഗുലി അടുത്ത വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 2012 വരെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ഗാംഗുലി കളിച്ചു.

click me!