അടിച്ചോടിച്ചു, പിന്നെ എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി; പരമ്പര ആശ്വാസം

By Gopala krishnanFirst Published Oct 4, 2022, 10:40 PM IST
Highlights

കെ എല്‍ രാഹുലിന്‍റെയും വിരാട് കോലിയുടെയും അഭാവത്തില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിലായിരുന്നു. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിന്‍റെ വിക്കറ്റ് തെറിപ്പിച്ച് കാഗിസോ റബാദ ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തു.

ഇന്‍ഡോര്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 49 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത്തിനൊപ്പം ഇന്നിംഹഗ്സ് ഓപ്പണ്‍ ചെയ്ത റിഷഭ് പന്ത് 14 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ ദീപക് ചാഹര്‍ 17 പന്തില്‍ 31 റണ്‍സെടുത്ത് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 227-3, ഇന്ത്യ ഓവറില്‍

ഹിറ്റ് ഇല്ലാതെ ഹിറ്റ്മാന്‍ മടങ്ങി

കെ എല്‍ രാഹുലിന്‍റെയും വിരാട് കോലിയുടെയും അഭാവത്തില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിലായിരുന്നു. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിന്‍റെ വിക്കറ്റ് തെറിപ്പിച്ച് കാഗിസോ റബാദ ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തു. വിരാട് കോലിക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വെയ്ന്‍ പാര്‍നലിന്‍റെ പന്തില്‍ അയ്യര്‍(1) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം നമ്പറിലിറങ്ങിയ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.

എന്നാല്‍ ലുങ്കി എങ്കിഡി എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയ അപായമണി മുഴക്കിയ റിഷഭ് പന്തിനെ  അവസാന പന്തില്‍ റിഷഭ് പന്തിനെ എങ്കിഡി തന്നെ മടക്കി. 14 പന്തില്‍ മൂന്ന് ഫോറും രണ്ട് സിസ്കും അടിച്ച റിഷഭ് 27 റണ്‍സടിച്ചു. പന്ത് മടങ്ങിയശേഷവും അടി തുടര്‍ന്ന കാര്‍ത്തി് പവര്‍പ്ലേയിലെ അവസാന ഓവറില്‍ വെയ്ന്‍ പാര്‍നലിനെതിരെ 19 റണ്‍സടിച്ച് ഇന്ത്യയെ 64 റണ്‍സിലെത്തിച്ചു.

പവര്‍പ്ലേക്ക് ശേഷം കേശവ് മഹാരാജിനെ രണ്ട് സിക്സിന് പറത്തിയ കാര്‍ത്തിക് ആവേശത്തിരി കൊളുത്തിയെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ കാര്‍ത്തിക്കിനെ(21 പന്തില്‍ 46)മടക്കി മഹാരാജ് ദക്ഷിണാഫ്രിക്കക്ക് ആശ്വാസം നല്‍കി.പ്രിട്ടോറിയസിനെ സിക്സിന് പറത്തിയതിന് പിന്നാലെ സൂര്യകുമാറും(8) വീണതോടെ 86-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഹര്‍ഷല്‍ പട്ടേലും(17) അക്സര്‍ പട്ടേലും(9) ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇരുവരും വീണതിന് പിന്നാലെ അശ്വിനും(2) പൊരുതാതെ മടങ്ങി. വാലറ്റത്ത് ദീപക് ചാഹര്‍(17 പന്തില്‍ 31)നടത്തിയ മിന്നലടികള്‍ ഇന്ത്യയുടെ തോല്‍വിഭാരം 49 റണ്‍സാക്കി കുറച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; സഞ്ജുവും സഹതാരങ്ങളും പയറ്റ് തുടങ്ങി

ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് മൂന്നും കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ റബാദ ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ക്രിസിലിറങ്ങിയ ദക്ഷിണാഫ്രിക്ക റിലീ റൂസോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധസെഞ്ചുറിയുടെ ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്‍റെയും മികവിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് 227 നഷ്ടത്തില്‍ റണ്‍സെടുത്തത്. 48 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂസോ പുറത്താകാതെ നിന്നപ്പോള്‍ ഡി കോക്ക് 43 പന്തില്‍ 68 റണ്‍സെടുത്തു. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 19 റണ്‍സുമായി മില്ലര്‍ ഫിനിഷിംഗ് ഗംഭീരമാക്കി. ഇന്ത്യക്കായി ദീപക് ചാഹറും ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു.

click me!