
സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. ഡീന്‍ എല്‍ഗാറിന്‍റെ സെഞ്ചുറി കരുത്തില്‍ 256-5 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന നിലയിലാണ്. 72 റണ്‍സോടെ മാര്‍ക്കോ യാന്‍സനും ഒരു റണ്ണുമായി കാഗിസോ റബാഡയും ക്രീസില്‍.
185 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിന്‍റെയും 19 റണ്‍സെുത്ത ജെറാള്‍ഡ് കോട്സീയുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് ഇന്ന് നഷ്ടമായത്. എല്‍ഗാറിനെ ഷാര്‍ദ്ദുല്‍ താക്കൂറും കോട്സീയെ അശ്വിനുമാണ് മടക്കിയത്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കക്ക് ഇപ്പോള്‍ 147 റണ്‍സിന്‍റെ നിര്‍ണായക ലീഡുണ്ട്.
ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സ്മിത്ത് - മാര്‍ഷ് സഖ്യം! പാകിസ്ഥാനെതിരെ മികച്ച ലീഡിലേക്ക്
മൂന്നാം ദിനം ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡീൻ എല്‍ഗാര്‍ - മാര്‍ക്കോ യാന്‍സന്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കക്ക് മൂന്നാം ദിനം മേല്‍ക്കൈ നല്‍കിയത്. 249 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 360 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 287 പന്തില്‍ 185 റണ്‍സെടുത്ത എല്‍ഗാറിനെ ഷാര്‍ദ്ദുല്‍ താക്കൂര്‍ ഷോര്‍ട്ട് ബോളില്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
എല്‍ഗാര്‍ പുറത്തായശേഷവും യാന്‍സന്‍ ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. കോട്സീയെ കൂട്ടുപിടിച്ച് യാന്‍സന്‍ ദക്ഷിണാഫ്രിക്കയുടെ ലീഡുയര്‍ത്തി. 19 റണ്‍സെടുത്ത കോട്സിയെ അശ്വിന്‍ മടക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 391 റണ്‍സിലെത്തിയിരുന്നു. രണ്ടാം സെഷനില്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് 200 കടക്കുന്നത് തടയുക എന്നതായിരിക്കും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.ഇന്ത്യക്കായി ബുമ്രയും സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിനും പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദ്ദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക