
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരവും തോറ്റ് പാകിസ്ഥാന്‍ പരമ്പര കൈവിട്ടപ്പോള്‍ കൈയകലത്തില്‍ സെഞ്ചുറി നഷ്ടമായി പാക് താരം സയിം അയൂബ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സയീം അയൂബിന്‍റെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സെഞ്ചുറി നേടിയ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്കസിന്‍റെ(63 പന്തില്‍ 117) യും റാസി വാന്‍ഡർ ദസ്സന്‍റെയും(38 പന്തില്‍ 66*) വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജമൊരുക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ദക്ഷിണഫ്രിക്ക 2-0ന് സ്വന്തമാക്കി.ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 11 റണ്‍സിന് ജയിച്ചിരുന്നു.അവസാന മത്സരം ഇന്ന് വാണ്ടറേഴ്സില്‍ നടക്കും.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സയീം അയൂബിന്‍റെ അപരാജിത അർധസെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. പക്ഷെ പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തില്‍ സയീം അയൂബ് 98 റണ്‍സിലെത്തിയെങ്കിലും പിന്നീട് ഒരു പന്തുപോലും നേരിടാനാവാഞ്ഞതോടെ സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ല. പാക് ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറിലെ നാലും അഞ്ചും പന്തുകള്‍ ഇര്‍ഫാന്‍ ഖാന്‍ സിക്സും ഫോറും പറത്തിയപ്പോള്‍ അവസാ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി.
അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി അടിച്ച ഇര്‍ഫാന്‍ ഖാന്‍ അടുത്ത പന്തില്‍ പുറത്തായി.പകരം ക്രീസിലെത്തിയ അബ്ബാസ്അഫ്രീദിയാകട്ടെ നേരിട്ട ആദ്യ പന്തില്‍ സിക്സ് പറത്തി പാകിസ്ഥാനെ 200 കടത്തി. അടുത്ത പന്തില്‍ അബ്ബാസിന് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ വീണ്ടും ഫോറടിച്ച അബ്ബാസ് അഫ്രീദി അവസാന പന്തില്‍ ഒരു റണ്ണെടുത്തു. 98ല്‍ എത്തിയശേഷം ഒരു പന്തുപോലും സ്ട്രൈക്ക് ലഭിക്കാതെ സയീം അയൂബ് പുറത്താകാതെ നിന്നു. 57 പന്തില്‍ 11 ഫോറും അഞ്ച് സിക്സും പറത്തിയാണ് അയൂബ് 98 റണ്‍സടിച്ചത്. ഇര്‍ഫാന്‍ ഖാന്‍ 16 പന്തില്‍ 30 റണ്‍സെടുത്തു.ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബാബര്‍ അസം 20 പന്തില്‍ 31 റണ്‍സെടുത്തു.