
ലാഹോര്‍: ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ 150 റണ്‍സ് നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ മാത്യൂ ബ്രീട്‌സ്‌കെ. ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ബ്രീട്‌സ്‌കെ 150 റണ്‍സ് അടിച്ചെടുത്തത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രീട്‌സ്‌കെയുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. വിയാന്‍ മള്‍ഡര്‍ (34), ജേസണ്‍ സ്മിത്ത് (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മാറ്റ് ഹെന്റി, വില്യം ഒറൗര്‍ക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അരങ്ങേറ്റ ഏകദിനത്തില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന് നേട്ടവും ബ്രീട്‌സ്‌കെ സ്വന്തമാക്കി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡെസ്മണ്ട് ഹെയ്‌നസിന്റെ അക്കൗണ്ടിലുള്ള റെക്കോഡാണ് താരം തട്ടിയെടുത്തത്. 1978ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റത്തില്‍ തന്നെ താരം 148 റണ്‍സെടുത്തിരുന്നു. 136 പന്തിലായിരുന്നു ഇത്രയും റണ്‍സ്. 2021ല്‍ അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസും അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്തി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 127 പന്തില്‍ ഇത്രയും തന്നെ റണ്‍സാണ് ഗുര്‍ബാസ് നേടിയത്. 2015ല്‍ അരങ്ങേറിയ മാര്‍ക്ക് ചാപ്മാനും ഇക്കൂട്ടത്തിലുണ്ട്. അന്ന് യുഎഇക്കെതിരെ, ഹോങ്ക് കോംഗിന് വേണ്ടി 116 പന്തില്‍ പുറത്താവാതെ 127 റണ്‍സാണ് ചാപ്മാന്‍ നേടിയത്. പിന്നീട് ന്യൂസലന്‍ഡിലേക്ക് കുടിയേറുകയും അവര്‍ക്ക് വേണ്ടി കളിക്കുകയും ചെയ്തു. 2010ല്‍ സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം കുറിച്ച കിവീസ് താരം കോളിന്‍ ഗ്രാം ആദ്യ മത്സരത്തില്‍ തന്നെ 124 റണ്‍സ് നേടി.
148 പന്തിലാണ് ബ്രീട്‌സ്‌കെ 150 റണ്‍സ് അടിച്ചെടുത്തത്. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ തെംബ ബവുമ (20) പുറത്തായി. പിന്നാലെ ബ്രീട്‌സ്‌കെ - സ്മിത്ത് സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മിത്ത് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. തുര്‍ന്നെത്തിയ, കെയ്ല്‍ വെറെയ്‌നെയ്ക്ക് (1) തിളങ്ങാനായില്ല. പിന്നീട് ബ്രീട്‌സ്‌കെ - മള്‍ഡര്‍ സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ ബ്രീട്‌സ്‌കെ മടങ്ങി. മാറ്റ് ഹെന്റിക്കായിരുന്ന വിക്കറ്റ്. 11 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ സെനുരാന്‍ മുത്തുസാമിക്ക് (2) തിളങ്ങാനായില്ല. ഇതിനിടെ മള്‍ഡറും മറങ്ങി. ഏദന്‍ ബോഷ് (7), ഫോംഗ്വാന (1) പുറത്താവാത നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!