
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (IPL 2022) ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ (Cricket South Africa) താരങ്ങള്‍ക്ക് തിരിച്ചടി. താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഐഎപിഎല്‍ സമയത്ത് ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ് പരമ്പര നടക്കുന്നതാണ് പ്രധാന പ്രശ്‌നം. നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പ്രധാന താരങ്ങളെല്ലാം ടീമിനൊപ്പം വേണമെന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നിലപാട്. ഐപിഎലില്‍ വിവിധ ടീമുകളുടെ ഭാഗമായ ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ (Kagiso Rabada), എയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സന്‍ എന്നിവരെല്ലാം ദേശീയ ടീമിനൊപ്പം ചേരേണ്ടി വരും.
ഈ മാസം 18നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഏപ്രില്‍ 12വരെ പരമ്പര നീളും. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഐപിഎല്‍ മത്സരങ്ങള്‍ 26നാണ് ആരംഭക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ദേശീയ ടീമിനൊപ്പം നിന്നാല്‍ തിരിച്ചെത്താന്‍ ഏപ്രില്‍ 20 എങ്കിലും ആവും. പിന്നീട് ക്വാറന്റൈനിലും കഴിയേണ്ടിവരും. പകുതിയോളം മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് കണക്കുകൂട്ടല്‍. അവസാന തീരുമാനം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടേതാണ്.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറും ഇക്കാര്യത്തല്‍ ബോര്‍ഡിനൊപ്പമാണ്. ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. ''ലോക ടെസ്റ്റ് ചാംന്‍ഷിപ്പിന്റെ ഭാഗമാണ് ഓരോ ടെസ്റ്റ് പരമ്പരയും. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും വളരെ പ്രധാനപ്പെട്ടതാണ്. ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ.'' എല്‍ഗാര്‍ വ്യക്താക്കി.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിലെ പ്രധാനിയായ റാസി വാന്‍ ഡര്‍ ഡസ്സണ്‍ രാജസ്ഥാന്‍ റോയല്‍സിലാണ് കളിക്കുന്നത്. റബാദ പഞ്ചാബ് കിംഗ്‌സിലും. അവരുടെ പേസ് അറ്റാക്ക് റബാദയെ ആശ്രയിച്ചായിരിക്കും. അടുത്തിടെ ടെസ്റ്റ് പേസര്‍മാരുടെ റാങ്കിംഗില്‍ ആദ്യ മൂന്നിലെത്താന്‍ റബാദയ്ക്ക് സാധിച്ചിരുന്നു. നോര്‍ജെയെ ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രധാന പേസറാണ് താരം.
ഇടം കൈയന്‍ യുവ പേസര്‍ ജാന്‍സന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമാണ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിലേക്ക് സജീവമായി പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ജാന്‍സന്‍. ഡേവിഡ് മില്ലര്‍ ടെസ്റ്റ് ടീമില്‍ സജീവമല്ലെങ്കിലും ഏകദിന മത്സരങ്ങള്‍ക്കുണ്ടാവും. ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടിയാണ് മില്ലര്‍ കളിക്കുന്നത്. എയ്ഡന്‍ മാര്‍ക്രം ഹൈദരാബാദ് വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളിലൊരാളാണ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹം സജീവ സാന്നിധ്യമാണ്.
ലൂങ്കി എന്‍ഗിഡി ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണുള്ളത്. എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലെ നിര്‍ണ്ണായക താരമാണ്. അതുകൊണ്ട് തന്നെ എന്‍ഗിഡിയും വൈകിയേക്കും. എന്‍ഗിഡിയേയും നോര്‍ജെയേയും ഒരുമിച്ച് നഷ്ടമായാല്‍ ഡല്‍ഹിക്കത് കനത്ത നഷ്ടമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!