
തിരുവനന്തപുരം: ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിനെ (Shane Warne) അനുസ്മരിച്ച് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് (M B Rajesh). കഴിഞ്ഞ ദിവസമാണ് മുന്‍ ഓസീസ് താരം ലോകത്തോട് വിട പറഞ്ഞത്. ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴാണ് രാജേഷ് വോണിനെ ഓര്‍ത്തെടുത്തത്. തന്റെ ഫേസ്ബുക്ക് പേജില്‍ വോണിനൊപ്പമുള്ള പഴയ ഫോട്ടോയും രാജേഷ് പങ്കുവച്ചിട്ടുണ്ട്. 'ഓരോ പന്തും പ്രവചനാതീതമായിരുന്നു. അതുപോലെ അപ്രതീക്ഷിതവും അവിശ്വസനീയവുമാണ് ഷെയ്ന്‍ വോണിന്റെ മരണവാര്‍ത്ത.' അദ്ദേഹം കുറിച്ചിട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
''ബാറ്ററെ വട്ടംകറക്കിക്കൊണ്ട് അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളായിരുന്നു ഷെയ്ന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികന്റെ പ്രത്യേകത. ഓരോ പന്തും പ്രവചനാതീതമായിരുന്നു. അതുപോലെ അപ്രതീക്ഷിതവും അവിശ്വസനീയവുമാണ് ഷെയ്ന്‍ വോണിന്റെ മരണവാര്‍ത്ത. ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാള്‍. സ്പിന്‍ ബൗളിങ്ങിന്റെ മാന്ത്രികതയും വശ്യസൗന്ദര്യവും കളത്തില്‍ മനോഹരമായി ആവിഷ്‌കരിച്ച ബൗളര്‍.
എത്രയെത്ര മുഹൂര്‍ത്തങ്ങളാണ് ഇപ്പോള്‍ മനസ്സില്‍ വരുന്നത്. ബാറ്റര്‍ക്ക് എത്തും പിടിയും കിട്ടാത്ത കറങ്ങിത്തിരിഞ്ഞ പന്തുകള്‍ കുറ്റിയില്‍ തറയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ബാറ്റിലുരുമ്മി ഫീല്‍ഡറുടെ കയ്യിലൊതുങ്ങുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ആഹ്ലാദപ്രകടനങ്ങള്‍ എത്രയോ തവണ നാം കണ്ടിരിക്കുന്നു. അതെല്ലാം ഇപ്പോള്‍ മനസ്സില്‍ മിന്നിമറയുന്നു. മുംബൈയില്‍ വെച്ച് അദ്ദേഹത്തെ നേരില്‍കണ്ട് പരിചയപ്പെടാന്‍ അവസരം കിട്ടിയത് ജീവിതത്തിലെ വിലപ്പെട്ട നിമിഷമായി കരുതുന്നു.
അന്ന് സുനില്‍ ഗവാസ്‌കറും രവിശാസ്ത്രിയും ഒപ്പമുണ്ടായിരുന്നു. ഷെയ്ന്‍ വോണിന്റെ ആകര്‍ഷകമായ പെരുമാറ്റവും ഹൃദ്യമായ സംസാരവും ഇന്നും മനസ്സില്‍ ദീപ്തസ്മരണയായി നില്‍ക്കുന്നു. ഇത്ര വേഗത്തില്‍ ഷെയ്ന്‍ വോണ്‍ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷനാകുമെന്ന് ആരാണ് വിചാരിച്ചത്?
രംഗബോധമില്ലാത്ത കോമാളിയെന്ന് മരണത്തെ വിശേഷിപ്പിച്ചത് ഷെയ്ന്‍ വോണിന്റെ കാര്യത്തില്‍ ഏറ്റവും അര്‍ത്ഥവത്താണ്. ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് വിട. ആ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഷെയ്ന്‍ വോണ്‍ എക്കാലത്തും ജീവിക്കും.'' രാജേഷ് ഓര്‍ത്തെടുത്തു.
തായ്ലന്‍ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന 52-ാം വയസിലാണ് ഇതിഹാസത്തിന്റെ വേര്‍പാട്. ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്.
ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!