കോലിയുടെ കീഴില്‍ കളിക്കണം; ശ്രീശാന്ത് പറയുന്നു, ഞാന്‍ തിരിച്ചുവരും

By Web TeamFirst Published Aug 20, 2019, 5:28 PM IST
Highlights

ദേശീയ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. താരത്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.

കൊച്ചി: ദേശീയ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. താരത്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിന് സാധിക്കും. അല്‍പ്പസമയം മുമ്പാണ് ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചുകൊണ്ടുള്ള വിധി വന്നത്. 

വിലക്കിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു വര്‍ഷമുണ്ട്. പരിശീലനം നേരത്തെ ആരംഭിച്ചിരുന്നിതായി ശ്രീശാന്ത് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഇപ്പോള്‍ 36 വയസായി. വിലക്ക് അവസാനിക്കുമ്പോള്‍ പ്രായം 37 ആവും. എന്നാല്‍ 40 വയസ് വരെ കളിക്കാാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഇപ്പോള്‍ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ഞാന്‍ ഒരു ടെസ്റ്റ് ബൗളറാണ്. ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 100 അന്താരാഷാട്ര വിക്കറ്റുകള്‍ തികച്ച ശേഷം ക്രിക്കറ്റില്‍ വിരമിക്കണമെന്നാണ് ആഗ്രഹം.

ആറ് മാസം തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ് എന്റെ മുന്നിലുണ്ട്. അദ്ദേഹം ഒരു ഉത്തമ ഉദാഹരണമാണ്. 40 വയസ് കഴിഞ്ഞിട്ടും ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. റോജര്‍ ഫെഡറര്‍ 38 വയസിലും ടെന്നിസ് കളിക്കുന്നു. ഒരുപാട് ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഇമ്രാന്‍ താഹിര്‍ ഏകദിന ലോകപ്പ് കളിച്ചത് 40-ാം വയസിലാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കണം.

പരിശീലനം നടക്കുന്നുണ്ട്. സ്വന്തം ക്ലബായ എസ് 36ലാണ് പരിശീലനം. മഴയായത് കാരണം എല്ലാദിവസം വൈകുന്നേരവും ഇന്‍ഡോര്‍ പരിശീലനം നടത്തുന്നുണ്ട്. അടുത്തവര്‍ഷം പൂജ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിച്ചുകൊണ്ട് തുടങ്ങണമെന്നാണ് ആഗ്രഹം. കേരള ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ കളിക്കുന്നുണ്ട്. അവരേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമില്‍ കയറുകയെന്നത് ഒരു വെല്ലുവിളിയാണ്. 

ഇനിയെല്ലാം ക്രിക്കറ്റാണ്. രണ്ട് സിനിമകളുമായി കരാര്‍ ഒപ്പിട്ടിരുന്നു. അതെല്ലാം തീര്‍ത്തശേഷം മുഴുവന്‍ സമയവും ക്രിക്കറ്റിന് വേണ്ടി മാറ്റിവെക്കും.140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട് ഇപ്പോഴും. ബാറ്റിങ്ങും മെച്ചപ്പെട്ടിട്ടുണ്ട്. '' ശ്രീശാന്ത് പറഞ്ഞുനിര്‍ത്തി.

click me!