
പല്ലെകെലെ: ശ്രീലങ്കയ്ക്ക് അഭിമാനിക്കാന്‍ പാതും നിസങ്കയുടെ ഐതിഹാസിക ഇരട്ട സെഞ്ചുറി, അഫ്ഗാനിസ്ഥാന് എന്നൊന്നും ഓര്‍ത്തിരിക്കാന്‍ മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ ക്ലാസ് സെഞ്ചുറികള്‍, റണ്‍ഫെസ്റ്റ് കണ്ട ആദ്യ ഏകദിനത്തില്‍ ഒടുവില്‍ ലങ്കയ്ക്ക് ജയഭേരി. ശ്രീലങ്ക മുന്നോട്ടുവെച്ച 382 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 339 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചതോടെയാണ് ആതിഥേയര്‍ 42 റണ്‍സിന്‍റെ ജയമുറപ്പിച്ചത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തിന്‍റെ മനംകവര്‍ന്നു. സ്കോര്‍: ശ്രീലങ്ക- 381/3 (50), അഫ്ഗാനിസ്ഥാന്‍- 339/6 (50).
ഇത് പോതും പാതും, ഇരട്ട സെഞ്ചുറി!
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇരട്ട സെഞ്ചുറി നേടിയ പാതും നിസങ്കയുടെ ബാറ്റിംഗ് താണ്ഡവത്തില്‍ നിശ്ചിത 50 ഓവറില്‍ 381-3 എന്ന പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിരുന്നു. നിസങ്ക 139 പന്തില്‍ 20 ഫോറും 8 സിക്സുകളും സഹിതം പുറത്താവാതെ 210* റണ്‍സെടുത്തു. 88 ബോളുകളില്‍ സെഞ്ചുറി തികച്ച പാതും നിസങ്ക 136 പന്തിലാണ് ഏകദിന ഡബിള്‍ തികച്ചത്. ഏകദിനത്തില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ് നിസങ്ക തന്‍റെ പേരിലെഴുതി.
ആദ്യ വിക്കറ്റ് മുതല്‍ അഫ്ഗാന്‍ ബൗളര്‍മാരെ മെതിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. അവിഷ്ക ഫെര്‍ണാണ്ടോ- പാതും നിസങ്ക സഖ്യം ഒന്നാം വിക്കറ്റില്‍ 26.2 ഓവറില്‍ 182 റണ്‍സ് ചേര്‍ത്തു. 88 പന്തില്‍ 88 റണ്‍സെടുത്ത അവിഷ്കയെ ഫരീദ് അഹമ്മദ്, ഇബ്രാഹിം സദ്രാന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. അതേസമയം വണ്‍ഡൗണ്‍ പ്ലെയറും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിന് തിളങ്ങനായില്ല. കുശാല്‍ 31 ബോളില്‍ 16 റണ്‍സുമായി മുഹമ്മദ് നബിയുടെ പന്തില്‍ പുറത്തായി. 36 പന്തില്‍ 45 റണ്‍സെടുത്ത സദീര സമരവിക്രമ, നിസങ്കയ്ക്കൊപ്പം ലങ്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. 48-ാം ഓവറിലെ ആദ്യ പന്തില്‍ ഫരീദ് അഹമ്മദ് തന്നെ സദീരയെ മടക്കുമ്പോള്‍ താരം 36 ബോളില്‍ 45 റണ്‍സെടുത്തിരുന്നു. സദീര- നിസങ്ക സഖ്യം 120 റണ്‍സ് മൂന്നാം വിക്കറ്റില്‍ ചേര്‍ത്തു. ലങ്കന്‍ ഇന്നിംഗ്സില്‍ രണ്ടാം തവണയാണ് നൂറ് റണ്‍സിലധികം പാര്‍ട്ണര്‍ഷിപ്പില്‍ പാതും നിസങ്ക പങ്കാളിയാവുന്നത്. 50 ഓവറും പൂര്‍ത്തിയാകുമ്പോള്‍ പാതും നിസങ്കയ്ക്കൊപ്പം ചരിത് അസലങ്ക 8 പന്തില്‍ 7* റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി നബി, ഒമര്‍സായ് തരംഗം
മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍റെ മുന്‍നിര ലങ്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നുതരിപ്പിണമായി. 8.3 ഓവറില്‍ 55 റണ്‍സിന് അഫ്ഗാന്‍റെ അഞ്ച് ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് കണ്ടത്. റഹ്മാനുള്ള ഗുര്‍ബാസ് (3 പന്തില്‍ 1), ഇബ്രാഹിം സദ്രാന്‍ (7 പന്തില്‍ 4), ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (11 പന്തില്‍ 7), റഹ്മത്ത് ഷാ (14 പന്തില്‍ 7), ഗുല്‍ബാദിന്‍ നൈബ് (7 പന്തില്‍ 16) എന്നിങ്ങനെയായിരുന്നു സ്കോര്‍. എന്നാല്‍ ഇതിന് ശേഷം സെഞ്ചുറികളുമായി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ട് മുഹമ്മദ് നബിയും അസ്മത്തുള്ള ഒമര്‍സായും പടുത്തുയര്‍ത്തി. നബി 106 പന്തിലും ഒമര്‍സായ് 89 ബോളിലും മൂന്നക്കം തികച്ചു. ഇരുവരും ക്രീസില്‍ നില്‍ക്കേ അവസാന അഞ്ചോവറില്‍ 92 റണ്‍സാണ് അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ 46-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സോടെ തുടങ്ങിയ മുഹമ്മദ് നബി അടുത്ത ബോളില്‍ പ്രമോദ് മധുഷാന് വിക്കറ്റ് നല്‍കി മടങ്ങിയത് വഴിത്തിരിവായി. നബി 130 പന്തില്‍ 136 റണ്‍സെടുത്തു. 242 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് നബി-ഒമര്‍സായ് സഖ്യം ആറാം വിക്കറ്റില്‍ ചേര്‍ത്തത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. അഫ്ഗാന്‍ ഇന്നിംഗ്സിലെ അവസാന ഓവറിലെ 53 റണ്‍സ് വിജയലക്ഷ്യം അസ്മത്തുള്ള ഒമര്‍സായിക്കും ഇക്രം അലിഖിലിനും എത്തിപ്പിടിക്കാനായിരുന്നതല്ല. ഒമര്‍സായ് 115 പന്തില്‍ 149* ഉം, ഇക്രം 14 പന്തില്‍ 10* ഉം റണ്‍സുമായി വീരോചിതമായി പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!