സ്പിന്നര്‍മാര്‍ കെണിയൊരുക്കി; ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Jul 18, 2021, 5:06 PM IST
Highlights

അവിഷ്‌ക ഫെര്‍ണാണ്ടോ (32), മിനോദ് ഭാനുക (27), ഭാനുക രാജപക്‌സ (24), ധനഞ്ജയ ഡിസില്‍വ (14) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. മിനോദ്- ഫെര്‍ണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

കൊളംബൊ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍ച്ച. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിലന് ഇറങ്ങിയ ശ്രീലങ്ക 28 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയിലാണ്. ദസുന്‍ ഷനക (3), ചരിത് അസലങ്ക (17) എന്നിവരാണ് ക്രീസില്‍. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

അവിഷ്‌ക ഫെര്‍ണാണ്ടോ (32), മിനോദ് ഭാനുക (27), ഭാനുക രാജപക്‌സ (24), ധനഞ്ജയ ഡിസില്‍വ (14) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. മിനോദ്- ഫെര്‍ണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒമ്പത് ഓവറില്‍ 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അവര്‍ക്കായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ആദ്യ സ്‌പെല്ലില്‍ വിക്കറ്റെടുക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

ചാഹല്‍ ടോസ് ചെയ്തിട്ട പന്തില്‍ ഫെര്‍ണാണ്ടോ കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ രാജപക്‌സ, മിനോദിനൊപ്പം പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ ഒന്നിന് 85 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ കുല്‍ദീപ് ഒരോവറില്‍ രണ്ട് പേരെയും മടക്കിയയച്ചു. മിനോദ് പൃഥി ഷായ്ക്ക് ക്യാച്ച് നല്‍കിയിപ്പോള്‍ രാജപക്‌സ ശിഖര്‍ ധവാന്റെ കയ്യിലൊതുങ്ങി. ധനഞ്ജയ ക്രുനാലിന്റെ പന്തില്‍ ഭുവനേശ്വറിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുവര്‍ക്കും അരങ്ങേറ്റമായിരുന്നു. പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. 

ടീം ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍.

click me!