ലോകകപ്പ് ഫൈനല്‍ ഒത്തുകളിക്ക് കൂടുതല്‍ തെളുവുകള്‍ നല്‍കാം: ശ്രീലങ്കന്‍ മുന്‍ കായിക മന്ത്രി

By Web TeamFirst Published Jul 4, 2020, 10:28 PM IST
Highlights

ആഗസ്റ്റ് അഞ്ചിന് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോകകപ്പ് വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.
 

കൊളംബോ:  2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ മത്സരം ഒത്തുകളിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഐസിസിക്ക് നല്‍കാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുതുഗാമഗെ. 2011ല്‍ മഹീന്ദാനന്ദയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി. ഒത്തുകളിയാരോപണം ശ്രീലങ്കന്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ മന്ത്രി രംഗത്തെത്തിയത്. ആരോപണത്തെ തുടര്‍ന്ന് മുന്‍ ചീഫ് സെലക്ടര്‍ അരവിന്ദ ഡി സില്‍വ, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗ, മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതര്‍ വലിയ രീതിയില്‍ പണം ചെലവാക്കിയെന്നും മുന്‍മന്ത്രി ആരോപിച്ചു. 

ഐസിസിയുടെ ആന്റി കറപ്ഷന്‍ തലവനായ അലക്‌സ് മാര്‍ഷലിനെ വിവരം അറിയിച്ചിരുന്നു. ഒത്തുകളിയാരോപണം തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്. തന്റെ ആരോപണം തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. അന്വേഷണം പുനരാരംഭിക്കാന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഐസിസിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുന്‍ മന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍, മുന്‍മന്ത്രിയുടെ ആരോപണങ്ങള്‍ക്ക് തക്കതായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തെളിവുകള്‍ ലഭിച്ചാല്‍ നിലവിലെ നിലപാടില്‍ മാറ്റം വരുത്തുമെന്നും ഐസിസി ആന്റി കറപ്ഷന്‍ തലവന്‍ മാര്‍ഷല്‍ പറഞ്ഞു. ശ്രീലങ്കന്‍ പൊലീസ് മുന്‍മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ആഗസ്റ്റ് അഞ്ചിന് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോകകപ്പ് വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.
 

click me!