
ഗോള്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ദിനം 212 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്വേപ്സണുമാണ് ലങ്കയെ കറക്കിയിട്ടത്. 58 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സുമായി ഉസ്മാന്‍ ഖവാജയും ആറ് റണ്‍സോടെ ട്രാവിസ് ഹെഡ്ഡും ക്രീസില്‍.
ഡേവിഡ് വാര്‍ണര്‍(25), മാര്‍നസ് ലാബുഷെയ്ന്‍(13), സ്റ്റീവ് സ്മിത്ത്(6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലങ്കക്കായി രമേഷ് മെന്‍ഡിസ് രണ്ട് വിക്കറ്റെടുത്തു. ടോസിലെ ഭാഗ്യം തുടക്കത്തിലും ശ്രീലങ്കയെ തുണച്ചപ്പോള്‍ ഓസീസിനെതിരെ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും പാതും നിസങ്കയും ചേര്‍ന്ന് 38 റണ്‍സടിച്ചു. 23 റണ്‍സെടുത്ത നിസങ്കയെ മടക്കി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ കുശാല്‍ മെന്‍ഡിസിനെ(3) സ്റ്റാര്‍ക്കും വീഴ്ത്തിയതോടെ ലങ്ക പതറി.
എന്നാല്‍ പ്രതിരോധിച്ചു നിന്ന കരുണരത്നെയും പൊരുതിനോക്കിയ ഏയ്ഞ്ചലോ മാത്യൂസും ചേര്‍ന്ന് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നിലയുറപ്പിച്ചെന്നു കരുതിയ കരുണരത്നെയെ(28) വാര്‍ണറുടെ പറക്കും ക്യാച്ചില്‍ പുറത്താക്കിയാണ് ലിയോണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ(14) സ്വേപ്സണ്‍ മടക്കി. ദിനേശ് ചണ്ഡിമല്‍(0) ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ലങ്ക 74-2ല്‍ നിന്ന് 97-5ലേക്ക് കൂപ്പുകുത്തി.
മാത്യൂസും ഡിക്‌വെല്ലയും ചേര്‍ന്ന് കൂട്ടത്തകര്‍ച്ച ഒഴിവാക്കി ലങ്കയെ മുന്നോട്ട് നയിച്ചു. 39 റണ്‍സെടുത്ത മാത്യൂസിനെ വീഴ്ത്തി ലിയോണ്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 22 റണ്‍സെടുത്ത രമേഷ് മെന്‍ഡിസുമൊത്ത് ഡിക്‌വെല്ല നടത്തിയ പോരാട്ടമാണ് ലങ്കയെ 200 കടത്തിയത്. ഓസീസിനായി നതാന്‍ ലിയോണ്‍ 90 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്വേപ്സണ്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.