സച്ചിന്റെ ഏകദിന ഡബിള്‍ സ്റ്റെയിനിന്റെ 'ദാനമോ'?; കണക്കുകള്‍ പറയുന്നത്

By Web TeamFirst Published May 18, 2020, 1:47 PM IST
Highlights

ഔട്ടാണെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് അത് അനുവദിക്കാത്തതെന്ന് ഞാനന്ന് ഇയാന്‍ ഗ്ലൗഡിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ സ്റ്റേഡിയത്തിലേക്ക് നോക്ക്, ഔട്ട് വിളിച്ചാല്‍ എനിക്ക് തിരികെ ഹോട്ടലിലെ എന്റെ മുറിയിലേക്ക് പോകാനാകുമോ എന്ന് ഗ്ലൗഡ് ചോദിച്ചിരുന്നുവെന്നും സ്റ്റെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ചുറിയെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തിയത് തന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചതിനാലാണെന്ന ഡെയ്ല്‍ സ്റ്റെയ്നിന്റെ പ്രസ്താവന  വെറും വാചകമടിയാണെന്ന് കണക്കുകള്‍. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയാറില്‍ ആയിരുന്നു സച്ചിന്‍ ഏകദിന ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ അന്ന് 190ല്‍ നില്‍ക്കെ സച്ചിന്റെ ഉറപ്പായ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ ഇയാന്‍ ഗ്ലൗഡ് ആരാധക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിരസിക്കുകയായിരുന്നുവെന്നും ഇല്ലായിരുന്നെങ്കില്‍ സച്ചിന് ആ നേട്ടം സ്വന്താക്കാന്‍ കഴിയില്ലായിരുന്നുവെന്നും സ്റ്റെയിന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ അമ്പയര്‍മാര്‍ നേരിടുന്ന സമ്മര്‍ദ്ദം വ്യക്തമാക്കാനാണ് സ്റ്റെയിന്‍ ഈ മത്സരം ഉദാഹരണമായി പറഞ്ഞത്.

ഔട്ടാണെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് അത് അനുവദിക്കാത്തതെന്ന് ഞാനന്ന് ഇയാന്‍ ഗ്ലൗഡിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ സ്റ്റേഡിയത്തിലേക്ക് നോക്ക്, ഔട്ട് വിളിച്ചാല്‍ എനിക്ക് തിരികെ ഹോട്ടലിലെ എന്റെ മുറിയിലേക്ക് പോകാനാകുമോ എന്ന് ഗ്ലൗഡ് ചോദിച്ചിരുന്നുവെന്നും സ്റ്റെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.


കണക്കുകള്‍ പറയുന്നത് മറ്റൊരു കഥ

എന്നാല്‍ മത്സരത്തിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാല്‍ സ്റ്റെയിനിന്റെ വാദം തെറ്റാണെന്ന് വ്യക്തമാവും. സ്റ്റെയിന്‍ പറഞ്ഞത് സച്ചിന്‍ 190ല്‍ എത്തിയപ്പോഴാണ് തന്റെ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ്.  കാലിസ് എറിഞ്ഞ 45-ാം ഓവറിലെ മൂന്നാം പന്തില്‍ സിംഗിളെടുത്താണ് സച്ചിന്‍ 190ല്‍ എത്തിയത്.വെയ്ന്‍ പാര്‍നല്‍ ആയിരുന്നു അടുത്ത ഓവര്‍ എറിഞ്ഞത്. പാര്‍നലിന്റെ ഓവര്‍ പൂര്‍ത്തിയായപ്പോഴാകട്ടെോ സച്ചിന്‍ 196ല്‍ എത്തി.

സ്റ്റെയിനിന്റെ രണ്ടാം വരവ്

47ാം ഓവറായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍ എറിയാനായി വീണ്ടും എത്തിയത്. ഓവറിലെ ആദ്യ പന്ത് പോയന്റിലേക്ക് തട്ടിയിട്ട് സച്ചിന്‍ സിംഗിളെടുത്തു. മൂന്നാം പന്താണ് വീണ്ടും സച്ചിന്‍ നേരിടുന്നത്. ഈ സ്ക്വയര്‍ ലെഗ്ഗിലേക്ക് ഫ്ലിക്ക് ചെയ്യാനാണ് സച്ചിന്‍ ശ്രമിച്ചത്. എന്നാല്‍ ലീഡിംഗ് എഡ്ജ് എടുത്ത് പന്ത് സ്റ്റെയിനിന് നേര്‍ക്ക് തന്നെ പോയി. അടുത്ത പന്തില്‍ മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് സച്ചിന്‍ സിംഗിളെടുത്തു. പിന്നീട് ആ ഓവറില്‍ സച്ചിന് സ്റ്റെയിന്‍ പന്തെറിഞ്ഞിട്ടില്ല. ലാംഗ്‌വെല്‍റ്റ് ആണ് 48-ാം ഓവര്‍ എറിഞ്ഞത്.  ഈ ഓവറില്‍ സച്ചിന്‍ ഒരു റണ്ണെടുത്ത് 199ല്‍ എത്തി.

ഇന്ത്യന്‍ ആരാധകര്‍ പോലും ധോണിയെ ചീത്തവിളിച്ച സ്റ്റെയിനിന്റെ ഓവര്‍

സ്റ്റെയിന്‍ എറിഞ്ഞ 49-ാം ഓവറിലെ ഒറ്റ പന്ത് പോലും 199ല്‍ നില്‍ക്കുന്ന സച്ചിന് നേരിടാനിയല്ല.  രണ്ട് സിക്സറും ഒരു ബൗണ്ടറിയും അടിച്ച് ധോണി സ്റ്റെയിനിനെ അടിച്ച് പറത്തി. അവസാന പന്തില്‍ സിംഗിളുമെടുത്തു. സച്ചിന് ഡബിളടിക്കാനാവില്ലെ എന്ന് ഇന്ത്യന്‍ ആരാധകര്‍ ടെന്‍ഷനടിച്ച നിമിഷമായിരുന്നു അത്. ഒപ്പം ധോണിയെ ചീത്തവിളിക്കാന്‍ പോലും അവര്‍ തയാറായി. ലാംഗ്‌വെല്‍റ്റ് എറിഞ്ഞ 50-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും നേരിട്ടത് ധോണിയായിരുന്നു.


ചരിത്രനിമിഷം പിറന്നത് 50-ാം ഓവറില്‍

മൂന്നാം പന്തില്‍ പോയന്റിലേക്ക് പന്ത് തട്ടിയിട്ട് സച്ചിന്‍ ഏകദിന ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേട്ടത്തിലെത്തി. 47-ാം ഓവറില്‍ തിരിച്ചെത്തും മുമ്പ് 37-ാം ഓവറിലാണ് സ്റ്റെയിന്‍ മത്സരത്തില്‍ അവസാനം സച്ചിന് പന്തെറിഞ്ഞത്. അപ്പോള്‍ സച്ചിന്റെ വ്യക്തിഗത സ്കോറാകട്ടെ 150 കടന്നിട്ടുമില്ല. മത്സരത്തില്‍ 10 ഓവറില്‍ 89 റണ്‍സ് വഴങ്ങിയ സ്റ്റെയിനിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. കണക്കുകള്‍ ഇതായിരിക്കെയാണ് സ്റ്റെയിന്‍ വിമ്പു പറഞ്ഞത് എന്നത് ആരാധകരെ ശരിക്കും അമ്പരപ്പിച്ചു.

click me!