
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക്(Australia's test captaincy) സ്റ്റീവ് സ്മിത്തിനെയും(Steve Smith) പരിഗണിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ(Cricket Australia). നായകനാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ ടീമിലുണ്ടെന്നും,സ്മിത്തും അവരിലൊരാള്‍ ആണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ റിച്ചാര്‍ഡ് ഫ്ര്യൂഡെന്‍സ്റ്റീന്‍(Richard Freudenstein) പറഞ്ഞു.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി സെലക്ടര്‍മാര്‍ സ്മിത്തിനെ രഹസ്യമായി സമീപിച്ചെന്ന് ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സ്മിത്തിനെ ക്യാപ്റ്റനാക്കുന്നതിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് സെലക്ടര്‍മാരെന്നും റിപ്പോര്‍ട്ടുണ്ട്.
ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ടിം പെയ്ന്‍ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെ ഓസീസ് ക്രിക്കറ്റില്‍ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. 2018ലാണ് പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ സ്മിത്തിനെ നായകപദവിയിൽ നിന്ന് നീക്കിയത്. രണ്ട് വര്‍ഷത്തേക്ക് നായക സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തിന്‍റെ പരിചയസമ്പത്ത് സഹായിക്കുമെന്നാണ് സെലക്ടര്‍മാരില്‍ ഒരു വിഭാഗത്തിന്‍റെ വാദം.
അതേസമയം, നിലവിലെ വൈസ് ക്യാപ്റ്റന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് നായകനാക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 65 വര്‍ഷത്തിൽ ഒരിക്കല്‍ പോലും ബൗളര്‍മാരെ ഓസ്ട്രേലിയ ടെസ്റ്റ് ടീം നായകനാക്കിയിട്ടില്ല. 1956ല്‍ റേ ലിന്‍ഡ‌്‌വാളാണ് അവസാനമായി ഓസീസിനെ ടെസ്റ്റില്‍ നയിച്ച ബൗളര്‍.
കമിന്‍സിനെ നായകനും സ്മിത്തിനെ കമിന്‍സിന് കീഴില്‍ വൈസ് ക്യാപ്റ്റനും ആക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. അടുത്ത മാസം എട്ടിന് ഗാബയിലാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഏകദിന, ട്വന്‍റി 20യിലും നായകനായ ആരോൺ ഫിഞ്ച് ടെസ്റ്റ് ടീമിൽ ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!