ആദ്യം ചതിയനെന്ന് വിളിച്ചു, പിന്നീട് കയ്യടിപ്പിച്ചു; സ്മിത്ത് മടങ്ങുന്നത് തല ഉയര്‍ത്തിത്തന്നെ

By Web TeamFirst Published Sep 15, 2019, 8:38 PM IST
Highlights

ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 774 റണ്‍സ്. അവിശ്വസനീയമായ പ്രകടനം നടത്തിയാണ് സ്റ്റീവ് സ്മിത്ത് ആഷസ് പരമ്പരയില്‍ നിന്ന് മടങ്ങുന്നത്. അതും വിമര്‍ശിച്ചവരെ കൊണ്ടുപോലും കയ്യടിപ്പിച്ച അതിഗംഭീര പ്രകടനം. പരമ്പരയ്ക്ക് തൊട്ടുമുമ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ സ്മിത്ത് ചതിയനായിരുന്നു.

ലണ്ടന്‍: ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 774 റണ്‍സ്. അവിശ്വസനീയമായ പ്രകടനം നടത്തിയാണ് സ്റ്റീവ് സ്മിത്ത് ആഷസ് പരമ്പരയില്‍ നിന്ന് മടങ്ങുന്നത്. അതും വിമര്‍ശിച്ചവരെ കൊണ്ടുപോലും കയ്യടിപ്പിച്ച അതിഗംഭീര പ്രകടനം. പരമ്പരയ്ക്ക് തൊട്ടുമുമ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ സ്മിത്ത് ചതിയനായിരുന്നു. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്മിത്തിനെ സാന്‍റ് പേപ്പര്‍ ഉയര്‍ത്തിപിടിച്ചാണ് ഇംഗ്ലീഷ് കാണികള്‍ എതിരേറ്റത്.  എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് സ്മിത്ത് മടങ്ങുന്നത് തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ്. 

ആഷസ് പരമ്പരയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കാന്‍ സ്മിത്തിനായി. 774 റണ്‍സാണ് സ്മിത്ത് നേടിയത്. അതും ഏഴ് ഇന്നിങ്‌സില്‍ നിന്ന് മാത്രം 110.57 ശരാശരിയിലാണ് സ്മിത്തിന്റെ റണ്‍വേട്ട. ഒരുപക്ഷേ പരിക്കേറ്റ് മൂന്ന് ഇന്നിങ്‌സുകള്‍ നഷ്ടമായില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച റണ്‍സ് സ്മിത്തിന് നേടാമായിരുന്നു. 

1930 പരമ്പരയില്‍ ഡോണ്‍ ബ്രാഡ്മാന്‍ 974 റണ്‍സ് നേടിയിരുന്നു. ഇതുതന്നെയാണ് ആഷസ് പരമ്പരയിലെ ഉയര്‍ന്ന് റണ്‍വേട്ട. വാലി ഹാംമോണ്ടാണ് രണ്ടാമത്. 1928ല്‍ 905 റണ്‍സാണ് ഇംഗ്ലീഷ് താരം നേടിയത്. മാര്‍ക് ടെയ്‌ലര്‍ (839- 1989), ബ്രാഡ്മാന്‍ (1936- 810 റണ്‍സ്) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. 2010ല്‍ 766 റണ്‍സ് നേടിയ അലിസ്റ്റര്‍ കുക്ക് ആറാമതുണ്ട്.

എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റില്‍ 144 റണ്‍സ് നേടിയാണ് സ്മിത്ത് തുടങ്ങിയത്. ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 142 റണ്‍സും നേടി. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 92 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ് താരത്തിന് രണ്ടാം ഇന്നിങ്‌സും ഹെഡിങ്‌ലിയില്‍ നടന്ന മൂന്നാം ടെസ്റ്റിലും കളിക്കാന്‍ സാധിച്ചില്ല. 

മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 211 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സും സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഓവലില്‍ ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സ് നേടിയ സ്മിത്ത്  അവസാന ഇന്നിങ്‌സില്‍ 23 റണ്‍സ് നേടി പുറത്തായി. മൂന്ന് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളുമാണ് സ്മിത്ത് പരമ്പരയില്‍ ഒന്നാകെ നേടിയത്.

click me!