'ക്യാപ്റ്റന്‍' ഗാംഗുലിയെ പുകഴ്ത്തി; നാസര്‍ ഹുസൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കര്‍

By Web TeamFirst Published Jul 12, 2020, 5:16 PM IST
Highlights

എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യ വിദേശത്ത് ടെസ്റ്റ് ജയിച്ചിട്ടുണ്ട്. ആ ടീമിന്റെ കരുത്തിനെക്കുറിച്ച് ഈ ഹുസൈന് വല്ലതും അറിയുമോ ?. അതുകൊണ്ടുതന്നെ ഗാംഗുലിക്ക് മുമ്പുള്ളവരെല്ലാം ദുര്‍ബലരായിരുന്നുവെന്ന കാഴ്ചപ്പാട് ശുദ്ധ മണ്ടത്തരമാണെന്നും ഗവാസ്കര്‍

മുംബൈ: സൗരവ് ഗാംഗുലിയുടെ നായകമികവിനെ പുകഴ്ത്തിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്റ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനുവമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ ടീമിനെ കടുപ്പമേറിയ ടീമാക്കിയതെന്നും അതുവരെയുള്ള ഇന്ത്യന്‍ ടീം എതിരാളികളോട് സൗമ്യമായി ഇടപെടുന്നവരായിരുന്നു എന്നും നാസര്‍ ഹുസൈന്‍ പറഞ്ഞിരുന്നു.

നെഞ്ചിലിടിട്ടും അലറി വിളിച്ചും ആവേശം പ്രകടിപ്പിക്കുന്നത് മാത്രമാണോ കടുപ്പമേറിയ നായകന്റെ ലക്ഷണമെന്നും അപ്പോള്‍ സച്ചിനെയും ദ്രാവിഡിനെയും ലക്ഷ്മണെയും കുംബ്ലെയെയും പോലുള്ള കളിക്കാരൊന്നും കടുപ്പമേറിയ താരങ്ങളല്ലേയെന്നും ഗവാസ്കര്‍ മിഡ് ഡേ പത്രിത്തിലെഴുതിയ കോളത്തില്‍ ചോദിച്ചു. എതിരാളികളെ നോക്കിയ ഗുഡ് മോണിംഗ് പറയുന്നതും ചിരിക്കുന്നതും നിങ്ങള്‍ ദുര്‍ബലരാണെന്നതിന്റെ ലക്ഷണമാണോ. നല്ലത് ചെയ്യുന്നവര്‍ ദുര്‍ബലരും എതിരാളികളെ ചീത്തവിളിക്കുന്നവര്‍ കരുത്തരുമാണെന്നാണോ നാസര്‍ ഹുസൈന്‍ കരുതുന്നത്-ഗവാസ്കര്‍ ചോദിച്ചു.

അങ്ങനെയാണെങ്കില്‍ ഗ്രൗണ്ടില്‍ സൗമ്യമായി പെരുമാറുന്ന സച്ചിനും ദ്രാവിഡും സെവാഗും കുംബ്ലയും ലക്ഷ്മണും ഹര്‍ഭജനുമെല്ലാം ദുര്‍ബലരായിരുന്നു എന്നാണ് ഹുസൈന്‍ കരുതുന്നത്. അവര്‍ നെഞ്ചിലിടിച്ചും ആലറിവിളിച്ചും ചിത്ത വിളിച്ചും ആവേശം പ്രകടിപ്പിക്കാതെ സ്വന്തം കാര്യം നോക്കി പോയവരായതുകൊണ്ട് അവരെ ദുര്‍ബലരായി കണക്കാക്കണോ. ശരിയാണ് ഗാംഗുലി മികച്ച നായകനായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയ നായകന്‍.


പക്ഷെ അതിനര്‍ത്ഥം അദ്ദേഹത്തിന് മുമ്പും ഉണ്ടായിരുന്നവരെല്ലാം മോശക്കാരായിരുന്നു എന്നല്ലല്ലോ. എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യ വിദേശത്ത് ടെസ്റ്റ് ജയിച്ചിട്ടുണ്ട്. ആ ടീമിന്റെ കരുത്തിനെക്കുറിച്ച് ഈ ഹുസൈന് വല്ലതും അറിയുമോ ?. അതുകൊണ്ടുതന്നെ ഗാംഗുലിക്ക് മുമ്പുള്ളവരെല്ലാം ദുര്‍ബലരായിരുന്നുവെന്ന കാഴ്ചപ്പാട് ശുദ്ധ മണ്ടത്തരമാണെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ഇന്ത്യയെ കടുപ്പമേറിയ ടീമാക്കി മാറ്റിയത് ഗാംഗുലിയാണെന്ന് ഹുസൈന്‍ അഭിപ്രായപ്പെട്ടിരുന്നു. ഗാംഗുലിക്ക് മുമ്പുള്ള ഇന്ത്യന്‍ ടീമിലും നിറയെ പ്രതിഭാധനരുണ്ടായിരുന്നെങ്കിലും അവരെല്ലാം വളരെ വിനയമുള്ളവരും എതിരാളകളോട് ഗുഡ്മോണിഗ് പറഞ്ഞ് അവരോട് സ്നേഹത്തോടെ ഇടപെടുന്നവരുമായിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും ജയിക്കണമെന്ന വികാരം ഇന്ത്യന്‍ ടീമില്‍ കുത്തിനിറച്ചത് ഗാംഗുലിയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗവാസ്കര്‍ വിമര്‍ശനവുമായി എത്തിയത്.

click me!