ആരും പകച്ചുപോവും; നാണംകെട്ട തോല്‍വിക്കിടയിലും ടീം ഇന്ത്യക്ക് പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Dec 19, 2020, 7:47 PM IST
Highlights

ഓസീസ് ബൗളര്‍മാര്‍ക്കുള്ള പ്രശംസകൂടിയായിരുന്നു ഗവാസ്‌കറുടെ വാക്കുകള്‍. ഇത്തരമൊരു ബൗളിങ് നിരയ്‌ക്കെതിരെ പേരുകേട്ട ഏത് ബൗളിങ് നിരയും മുട്ടുമടക്കുമെന്നായിരുന്നു ഗവാസ്‌കറിന്റെ പക്ഷം.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോഡ് ഇന്ത്യയെ തേടിവന്നിരുന്നു. രണ്ടാം ഇന്നങ്‌സില്‍ കേവലം 36 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇതോടെ ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു.

ഇതിനിടയിലും ടീം ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. മറ്റൊരു തരത്തില്‍ ഓസീസ് ബൗളര്‍മാര്‍ക്കുള്ള പ്രശംസകൂടിയായിരുന്നു ഗവാസ്‌കറുടെ വാക്കുകള്‍. ഇത്തരമൊരു ബൗളിങ് നിരയ്‌ക്കെതിരെ പേരുകേട്ട ഏത് ബൗളിങ് നിരയും മുട്ടുമടക്കുമെന്നായിരുന്നു ഗവാസ്‌കറിന്റെ പക്ഷം. ''ഇങ്ങനെയൊരു ബൗളിങ് നിരയ്ക്കെതിരേ കളിക്കേണ്ടി വന്നാല്‍ ഏതൊരു ടീമിനും ഇതുപോലെ ചെറിയ സ്‌കോറിന് പുറത്താവേണ്ടിവരും. ഒരുപക്ഷെ 36 റണ്‍സിന് ഓള്‍ഔട്ടായില്ലെങ്കിലും 80-90 റണ്‍സിന് മറ്റു ടീമുകളും ഈ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഓള്‍ഔട്ടാവാന്‍ സാധ്യത കൂടുതലാണ്. 

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തുടക്കത്തിലെ സ്‌പെല്ലും ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ പന്തെറിഞ്ഞ രീതിയേയും ഒരിക്കലും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അത്രത്തോളം മനോഹരമായിരുന്നു അവരുടെ ബൗളിങ്. ഏതൊരു താരവും ഈ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നുപോവും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്താനാവില്ല. ശരിയാണ്, ഏതൊരു ടീമും തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലിന് പുറത്തായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍ ഇ്ന്ന് അവരുടെ ദിവസമായിരുന്നു.'' ഗവാസ്‌കര്‍ പറഞ്ഞു. 

നേരത്തെ പൃഥ്വി ഷായെ അടുത്ത ടെസ്റ്റില്‍ നിന്നൊഴിവാക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു. താരത്തിന്റെ ടെക്‌നിക്കില്‍ പോരായ്മ ഉണ്ടെന്നും അടുത്ത ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതാണ് ഉചിതമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

click me!