ആര്‍ അശ്വിന്‍റെ നൂറാം ടെസ്റ്റ്; രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ പ്രത്യേക ആവശ്യവുമായി ഗവാസ്‌കര്‍, കിടുക്കും

Published : Feb 25, 2024, 07:35 PM ISTUpdated : Feb 25, 2024, 07:38 PM IST
ആര്‍ അശ്വിന്‍റെ നൂറാം ടെസ്റ്റ്; രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ പ്രത്യേക ആവശ്യവുമായി ഗവാസ്‌കര്‍, കിടുക്കും

Synopsis

100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന 14-ാം ഇന്ത്യന്‍ താരമാകാനാണ് രവിചന്ദ്രന്‍ അശ്വിന്‍ ഒരുങ്ങുന്നത്

റാഞ്ചി: കരിയറിലെ നൂറാം ടെസ്റ്റില്‍ ഓഫ്-സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ ടീം ഇന്ത്യ നായകനാക്കണം എന്ന ആവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. റാഞ്ചിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌തതിന് പിന്നാലെയാണ് ഗവാസ്‌കറുടെ ഈ ആവശ്യം. ടെസ്റ്റ് കരിയറില്‍ ആര്‍ അശ്വിന്‍റെ 99-ാം മത്സരമാണ് റാഞ്ചിയില്‍ പുരോഗമിക്കുന്നത്. ധരംശാല വേദിയാവുന്ന ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍റെ നൂറാം മത്സരം. 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന 14-ാം ഇന്ത്യന്‍ താരമാകാനാണ് അശ്വിന്‍ ഒരുങ്ങുന്നത്. 

99 ടെസ്റ്റുകളില്‍ 507 വിക്കറ്റും 3309 റണ്‍സും ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മുപ്പത്തിയേഴുകാരന്‍ രവിചന്ദ്രന്‍ അശ്വിനുണ്ട്. 35 അഞ്ച് വിക്കറ്റ് നേട്ടവും 5 സെഞ്ചുറികളും 15 ഫിഫ്റ്റികളുമുള്ള അശ്വിന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. ഇതിനാലാണ് അശ്വിനെ അദേഹത്തിന്‍റെ നൂറാം ടെസ്റ്റില്‍ ടീം ഇന്ത്യ നായകനായി കളത്തിലിറക്കണം എന്ന് സുനില്‍ ഗവാസ്‌കര്‍ വാദിക്കുന്നത്. റാഞ്ചി ടെസ്റ്റിന്‍റെ മൂന്നാം ദിന മത്സരത്തിന് ശേഷം അശ്വിനെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു ഗവാസ്‌കറുടെ ഈ വാക്കുകള്‍. 'റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചാല്‍ ധരംശാലയിലെ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ്മ അശ്വിനെ അയക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അശ്വിന് ചെയ്ത മഹത്തായ സംഭാവനകള്‍ക്ക് ഇത് വലിയ അംഗീകാരമാകും' എന്നും ഗവാസ്‌കര്‍  പറഞ്ഞു. 

എന്നാല്‍ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു സുനില്‍ ഗവാസ്‌കര്‍ക്ക് പുഞ്ചിരിയോടെ അശ്വിന്‍റെ മറുപടി. 'സണ്ണി ഭായ്, ഞാനിത്തരം കാര്യങ്ങളൊന്നും പ്രതീക്ഷിക്കുന്ന ആളല്ല. ടീമിനൊപ്പം എല്ലാ നിമിഷവും ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. അത് എത്രത്തോളം കാലം നീളുന്നോ, അത്രത്തോളം ഞാന്‍ സന്തോഷവാനായിരിക്കും' എന്നും അശ്വിന്‍ മറുപടി പറഞ്ഞു. രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും നാളെ മികച്ച ബാറ്റിംഗ് തുടരുമെന്നും നാലാം ദിനം തന്നെ റാഞ്ചി ടെസ്റ്റ് ജയിക്കുമെന്നാണ് പ്രതീക്ഷ എന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ജയിക്കാന്‍ 10 വിക്കറ്റും കയ്യിലിരിക്കേ 152 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ഇനി വേണ്ടത്. 

Read more: അശ്വിന്‍ ലോകാത്ഭുതം; കുംബ്ലെ 236 ഇന്നിംഗ്‌സ് കൊണ്ട് നേടിയ റെക്കോര്‍ഡിനൊപ്പം 187 ഇന്നിംഗ്‌സില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍