ബിസിസിഐ കേസ് വൈകും; ഗാംഗുലിക്ക് കാത്തിരിപ്പ്; ഇന്ത്യന്‍ ടീമിനും ആശങ്ക

By Web TeamFirst Published Dec 6, 2019, 9:26 PM IST
Highlights

ന്യൂസിലന്‍ഡ് പര്യടനത്തിലേക്കുള്ള ടീം തെരഞ്ഞെടുപ്പ് ഇതോടെ പ്രതിസന്ധിയിലായി

ദില്ലി: ബിസിസിഐ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 20ലേക്ക് മാറ്റി. ഇതോടെ കോടതിയിൽ നിന്ന് വ്യക്തത വരുത്തി ഭരണഘടന ഭേദഗതി ചെയ്യാനുള്ള ബിസിസിഐ നേതൃത്വത്തിന്‍റെ നീക്കം അനിശ്ചിതത്വത്തിലായി. 

സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞടുക്കേണ്ട ക്രിക്കറ്റ് ഉപദേശക സമിതി നിര്‍ണയവും ഇതോടെ വൈകും. നിലവിലെ സെലക്ഷന്‍ കമ്മിറ്റിയിൽ ചെയര്‍മാന്‍ അടക്കം രണ്ട് അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിലേക്കുള്ള ടീം തെരഞ്ഞെടുപ്പ് ഇതോടെ പ്രതിസന്ധിയിലായി. ജനുവരി 24നാണ് ഇന്ത്യ- ന്യൂസീലന്‍ഡ് പരമ്പര തുടങ്ങുന്നത്.

ബിസിസിഐ ഭാരവാഹികളുടെ കാലാവധി പരിമിതപ്പെടുത്തിയ ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഇളവ് വരുത്താന്‍ മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ ജനറല്‍ബോഡി യോഗം തീരുമാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഭേദഗതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചാല്‍   ഭരണസമിതിക്ക് മൂന്ന് വര്‍ഷം അധികാരത്തില്‍ തുടരാനായേക്കും. ഗാംഗുലിക്ക് പുറമെ ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കും ഭേദഗതിയുടെ പ്രയോജനം കിട്ടും. 

ഒക്‌ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി. നിലവിലെ നിയമം പ്രകാരം ഒരാള്‍ക്ക് ആറ് വര്‍ഷം മാത്രമേ ഭരണരംഗത്ത് തുടരാനാകൂ. ഈ തടസം നീക്കാനാണ് ബിസിസിഐ ജനറല്‍ബോഡി നിര്‍ണായക തീരുമാനമെടുത്തത്. 
 

click me!