ലോകകപ്പ് ഫൈനലില്‍ യുവിക്ക് മുമ്പെ ധോണി ബാറ്റിംഗിന് ഇറങ്ങാനുള്ള കാരണം വെളിപ്പെടുത്തി റെയ്ന

By Web TeamFirst Published Apr 4, 2020, 1:55 PM IST
Highlights

ലോകകപ്പില്‍ ബൌളിംഗില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു സഹീര്‍ ഖാനെന്നും റെയ്ന പറഞ്ഞു. സഹബൌളര്‍മാരെ പ്രചോദിപ്പിച്ചും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് സഹീര്‍ ബൌളിംഗ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ലക്നോ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ശ്രീലങ്കക്കെതിരായ ഫൈനലില്‍ യുവരാജ് സിംഗിന് മുമ്പ് എം എസ് ധോണി ബാറ്റിംഗിനിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി ടീം അംഗമായിരുന്ന സുരേഷ് റെയ്ന. ധോണി തന്നെയാണ് യുവിക്ക് മുമ്പെ ബാറ്റിംഗിന് ഇറങ്ങാനുള്ള തീരുമാനം കോച്ച് ഗാരി കിര്‍സ്റ്റനെ അറിയിച്ചതെന്ന് റെയ്ന പറഞ്ഞു.

ധോണിയുടെ ശരീരഭാഷ കണ്ടപ്പോള്‍ തന്നെ ഈ ലോകകപ്പ് നമ്മള്‍ ജയിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ലങ്കന്‍ സ്പിന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരനെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ തനിക്കാവുമെന്നതിനാല്‍ യുവിക്ക് മുമ്പെ ബാറ്റിംഗിന് ഇറങ്ങാനുള്ള തീരുമാനം ധോണി തന്നെ കിര്‍സ്റ്റനോട് പറയുകയായിരുന്നു. യുവിക്ക് മുമ്പ് ക്രീസിലെത്തിയ ധോണി 91 റണ്‍സുമായി ടീമിന്റെ വിജയശില്‍പ്പിയും ഫൈനലിലെ താരവുമായി. കുലശേഖരയുടെ പന്തില്‍ ധോണി നേടിയ വിജയ സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും തെളിച്ചമുള്ള ഓര്‍മയായി.

ലോകകപ്പില്‍ ബൌളിംഗില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു സഹീര്‍ ഖാനെന്നും റെയ്ന പറഞ്ഞു. സഹബൌളര്‍മാരെ പ്രചോദിപ്പിച്ചും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് സഹീര്‍ ബൌളിംഗ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ടൂര്‍ണമെന്റില്‍ 21 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുമായി ഒന്നാം സ്ഥാനം പങ്കിടാനും സഹീറിനായി.

ശ്രീലങ്കന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായപ്പോഴും ഡ്രസ്സിംഗ് റൂമില്‍ സമ്മര്‍ദ്ദമൊന്നും ഇല്ലായിരുന്നുവെന്നും റെയ്ന പറഞ്ഞു. എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ മുഴുകി കഴിയുകയായിരുന്നു. ചിലര്‍ കുളിക്കാന്‍ കയറി, ചിലര്‍ ഐസ് ബാത്ത് ചെയ്തു, ചിലര്‍ ഭക്ഷണം കഴിച്ചു, പക്ഷെ ആരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ലെന്നും റെയ്ന വ്യക്തമാക്കി. 

ഇന്ത്യന്‍ ഇന്നിംഗ്സിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തായപ്പോള്‍ ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു. പക്ഷെ അപ്പോഴും ഞങ്ങള്‍ ശാന്തരായിരുന്നു. സെവാഗ് പുറത്തായശേഷം എത്തിയ ഗൌതം ഗംഭീര്‍ അത്രമേല്‍ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് ചെയ്തതെന്നും റെയ്ന പറഞ്ഞു. 

click me!