'സഞ്ജുവിന് ഒരു ഗുണമുണ്ട്'; ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂര്യകുമാര്‍

Published : Mar 11, 2026, 06:03 PM IST
Sanju Samson-Suryakumar Yadav

Synopsis

2026-ലെ ടി20 ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസന്റെ 'ടീം-ഫസ്റ്റ്' മനോഭാവം നിർണായകമായെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. 

മുംബൈ: 2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ സഞ്ജു സാംസണ്‍ വഹിച്ച പങ്ക് വാക്കുകള്‍ക്ക് അപ്പുറമാണെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്നിട്ടും ടീമിനോട് സഞ്ജു കാണിച്ച ആത്മാര്‍ത്ഥതയും 'ടീം-ഫസ്റ്റ്' മനോഭാവവുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായതെന്ന് നായകന്‍ വെളിപ്പെടുത്തി.

ടീമിന് വേണ്ടി എനിക്ക് എന്ത് ചെയ്യാനാകും

ടൂര്‍ണമെന്റിലുടനീളം പ്ലേയിങ് ഇലവനില്‍ സ്ഥിരമായി ഇല്ലാത്ത കളിക്കാരെ മാനേജ് ചെയ്യുക എന്നതായിരുന്നു താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൂര്യകുമാര്‍ പറഞ്ഞു. ''പതിവായി കളിക്കുന്നവര്‍ക്ക് അവരുടെ ഉത്തരവാദിത്തം അറിയാം. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും കളിക്കാനിറങ്ങേണ്ടി വരുന്ന, എന്നാല്‍ അവസരം കാത്തിരിക്കുന്ന താരങ്ങളുമായി സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമായിരുന്നു. സഞ്ജു ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ ഇടവേളയില്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു, ടീമിന് വേണ്ടി എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മാത്രം നിങ്ങള്‍ പറഞ്ഞാല്‍ മതിയെന്ന്. ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഇങ്ങനെയുള്ള താരങ്ങളാണ് ഏറ്റവും വലിയ അനുഗ്രഹം. അത് സഞ്ജുവിന്റെ ഗുണമാണ്.'' സൂര്യ പറഞ്ഞു.

അവിശ്വസനീയമായ തിരിച്ചുവരവ്

ലോകകപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ പരീക്ഷണങ്ങളുടെ ഭാഗമായി സഞ്ജുവിനെ പുറത്തിരുത്തിയിരുന്നെങ്കിലും, നോക്കൗട്ട് മത്സരങ്ങളില്‍ ലഭിച്ച അവസരം അദ്ദേഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വെറും അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് സഞ്ജു കുറിച്ചത് വമ്പന്‍ റെക്കോര്‍ഡുകളാണ്. കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായകമായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ പുറത്താകാതെ 97 റണ്‍സ് നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ചു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ 89 റണ്‍സ്. കലാശപ്പോരാട്ടത്തില്‍ വീണ്ടും ഒരു 89 റണ്‍സ് കൂടി നേടി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചു.

റെക്കോര്‍ഡുകളും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും

അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി 321 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒരു ടി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. സെഞ്ച്വറിക്കരികെ വീണെങ്കിലും വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് സഞ്ജു പറഞ്ഞു. വെറും അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയാണ് സഞ്ജു തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെറും 91 പന്തില്‍ പാകിസ്ഥാനെ തീര്‍ത്ത് ബംഗ്ലാദേശ്; നാണംകെട്ട് ഷഹീന്‍ അഫ്രീദിയും സംഘവും
ബംഗ്ലാദേശിനോട് പോലും രക്ഷയില്ലാതെ പാകിസ്ഥാന്‍, ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞു; നഹീദ് റാണയ്ക്ക് അഞ്ച് വിക്കറ്റ്