സഞ്ജു സാംസണ്‍ വെടിക്കെട്ട് പാഴായി; മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളം പുറത്ത്

Published : Oct 30, 2022, 08:26 PM ISTUpdated : Oct 30, 2022, 08:33 PM IST
സഞ്ജു സാംസണ്‍ വെടിക്കെട്ട് പാഴായി; മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളം പുറത്ത്

Synopsis

സഞ്ജു 38 പന്തില്‍ 59 റണ്‍സെടുത്ത് പുറത്തായതോടെ കേരളം പതറുകയായിരുന്നു, സച്ചിന്‍ ബേബി അര്‍ധസെ‍ഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ടീം വിജയിച്ചില്ല. 

കൊല്‍ക്കത്ത: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്‍റി 20 ടൂര്‍ണമെന്‍റില്‍ സൗരാഷ്‌ട്രയോട് തോറ്റ് കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. 9 റണ്‍സ് വിജയവുമായി സൗരാഷ്ട്ര ക്വാര്‍ട്ടറിലെത്തി. നായകന്‍ സഞ്ജു സാംസണിന്‍റെയും സച്ചിന്‍ ബേബിയുടേയും അര്‍ധസെഞ്ചുറികള്‍ കേരളത്തെ തുണച്ചില്ല. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു 38 പന്തില്‍ 59 റണ്‍സെടുത്ത് പുറത്തായതോടെ കേരളം പതറുകയായിരുന്നു. 11 ഓവറില്‍ 100 കടന്നിട്ടും കേരളത്തിന് ഫിനിഷിംഗ് പിഴച്ചു. 

മറുപടി ബാറ്റിംഗില്‍ ഓപ്പണ‍ര്‍ മുഹമ്മദ് അസ്‌ഹറുദ്ദീനെ ഇന്നിംഗ്‌സിലെ നാലാം പന്തില്‍ കേരളത്തിന് നഷ്‌ടമായിരുന്നു. മറ്റൊരു ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 18 പന്തില്‍ 22 റണ്‍സ് നേടി. പിന്നാലെ ക്രീസിലൊന്നിച്ച സഞ്ജു സാംസണും സച്ചിന്‍ ബേബിയും 98 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളം പ്രതീക്ഷയിലായി. 16-ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു(38 പന്തില്‍ 59) ക്യാച്ചിലൂടെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സഞ്ജു പുറത്താകുമ്പോള്‍ 15.1 ഓവറില്‍ ടീം സ്കോര്‍ 129ലെത്തിയിരുന്നു. പക്ഷേ പിന്നീട് ആര്‍ക്കും ഫിനിഷിംഗ് ചെയ്യാനായില്ല. സച്ചിന്‍ ബേബി(47 പന്തില്‍ 64*) അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല. അബ്‌ദുള്‍ ബാസിത് 7 പന്തില്‍ 12 റണ്‍സില്‍ മടങ്ങി. സച്ചിനൊപ്പം വിഷ‌്‌ണു വിനോദ് 7 പന്തില്‍ 12* റണ്‍സുമായി പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്‌ത സൗരാഷ്‌ട്ര 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 183 എന്ന മികച്ച സ്‌കോറാണ് കേരളത്തിനെതിരെ പടുത്തുയര്‍ത്തിയത്. 44 പന്തില്‍ 64 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷെല്‍ഡണ്‍ ജാക്‌സന്‍, 18 പന്തില്‍ 34 നേടിയ സമര്‍ഥ് വ്യാസ്, 23 പന്തില്‍ 31 സ്വന്തമാക്കിയ വിശ്വരാജ് ജഡേജ എന്നിവര്‍ സൗരാഷ്‌ട്രയ്ക്ക് തുണയായി. ഓപ്പണര്‍മാരായ ഹാര്‍വിക് ദേശായി 12നും ചേതേശ്വര്‍ പൂജാര 11നും പുറത്തായി. കേരളത്തിനായി കെ എം ആസിഫ് മൂന്നും ഉണ്ണികൃഷ്‌ണന്‍ മനു കൃഷ്‌ണന്‍ രണ്ടും എസ് മിഥുന്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി.  

കില്ലര്‍ മില്ലര്‍ ഫിനിഷിംഗ്; ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും