
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്താമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ മങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ ആന്ധ്രക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മുംബൈ സര്‍വീസസിനെതിരെ വിജയം നേടിയതോടെ ഗ്രൂപ്പ് ഇ പോയന്‍റ് പട്ടികയില്‍ നെറ്റ് റണ്‍റേറ്റില്‍ കേരളത്തെ മറികടന്ന് മുംബൈ രണ്ടാം സ്ഥാനത്തെത്തി.
നാളെ നടക്കുന്ന മുംബൈ-ആന്ധ്ര മത്സരമായിരിക്കും ഗ്രൂപ്പ് ഇയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക. 20 പോയന്‍റും +3.006 നെറ്റ് റണ്‍റേറ്റുമായി ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ കേരളത്തിനും മുംബൈക്കും 16 പോയന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ കേരളത്തെക്കാള്‍(+1.018) നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്(+1.330). നാളെ നടക്കുന്ന മത്സരത്തില്‍ ആന്ധ്രയോട് കനത്ത തോല്‍വി വഴങ്ങാതിരുന്നാല്‍ പോലും മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.
ഇന്ത്യൻ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൂടി തിരിച്ചെത്തിയതോടെ കൂടുതല്‍ കരുത്തരായ മുംബൈ നാളെ ആന്ധ്രക്കെതിരെ വലിയ തോല്‍വി വഴങ്ങാനുള്ള സാധ്യത വിരളമാണ്. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചു തുടങ്ങിയ കേരളം മഹാരാഷ്ട്രയോട് തോറ്റിരുന്നു. പിന്നീട് നാഗാലാന്‍ഡിനും ഗോവക്കുമെതിരെ ജയിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ഇന്നലെ ആന്ധ്രക്കെതിരെ തോറ്റത് തിരിച്ചടിയായി.
കേരളത്തിനായി ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും മുഷ്താഖ് അലിയില്‍ വലിയ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ സഞ്ജു ടൂര്‍ണമെന്‍റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 136 റണ്‍സ് മാത്രമാണ്. മുംബൈക്കെതിരെ തകര്‍ത്തടിച്ച സല്‍മാന്‍ നിസാറിനും പിന്നീടുള്ള മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. സച്ചിന്‍ ബേബിയുടെ പരിക്കും കേരളത്തിന് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!