ടി20 ലോകകപ്പ്: ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി

By Web TeamFirst Published Apr 6, 2020, 4:17 PM IST
Highlights

പ്രാദേശിക സംഘാടകസമിതി, അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അത് തുടരുമെന്നും ഐസിസി വ്യക്തമാക്കി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നടക്കേണ്ട ടൂര്‍ണമെന്റുമായി നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകുകയാണെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

ദുബായ്: ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമെ ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയ ഐസിസി നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും വ്യക്തമാക്കി. 

പ്രാദേശിക സംഘാടകസമിതി, അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അത് തുടരുമെന്നും ഐസിസി വ്യക്തമാക്കി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നടക്കേണ്ട ടൂര്‍ണമെന്റുമായി നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകുകയാണെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ 2022ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നതിനാല്‍ ഒരു വര്‍ഷം രണ്ട് ലോകകപ്പ് നടത്തേണ്ട അവസ്ഥ വരുമെന്നതിനാല്‍ ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്. നടത്താനാവാത്ത സാഹചര്യം വന്നാല്‍ ഓസ്ട്രേലിയക്ക് അനുവദിച്ച ടി20 ലോകകപ്പ് നഷ്ടമാകും. 

നിലവില്‍ ഓസ്ട്രേലിയയില്‍ 5788 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 39 പേരാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഓസ്ട്രേലിയയില്‍ മരിച്ചത്.

click me!