ടി20 ലോകകപ്പ്: മൂജീബിനും റാഷിദിനും മുന്നില്‍ മൂക്കുകുത്തി സ്കോട്‌ലന്‍ഡ്, അഫ്ഗാന് വമ്പന്‍ ജയം

By Web TeamFirst Published Oct 25, 2021, 10:45 PM IST
Highlights

അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ ആദ്യ ഓവറില്‍ 11ഉം മുജീബിന്‍റെ ആദ്യ ഓവറില്‍ ആറും റണ്‍സടിച്ച സ്കോട്‌ലന്‍ഡ്  നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. എന്നാല്‍ സ്കോട്‌ലന്‍ഡിന്‍റെ പോരാട്ടം അവിടെ തീര്‍ന്നു.

ഷാര്‍ജ:ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെ(Scotland) 130 റണ്‍സിന് വീഴ്ത്തി വമ്പന്‍ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍( Afghanistan).191 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്‌ലന്‍ഡ് ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ചെങ്കിലും 32 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. നാലോവറില്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത മുജീബ് ഉര്‍ റഹ്മാനും 2.2 ഓവറില്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെടുത്ത റാഷിദ് ഖാനും ചേര്‍ന്നാണ് സ്കോട്‌ലന്‍ഡിനെ കറക്കി വീഴ്ത്തിയത്. ടി20 ക്രിക്കറ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്‍റെ ഏറ്റവും വലിയ വിജയമാര്‍ജിനാണിത്. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 190-4, സ്കോട്‌ലന്‍ഡ് 10.2 ഓവറില്‍ 60ന് ഓള്‍ ഔട്ട്. ജയത്തോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും അഫ്ഗാനായി.

എല്ലാം വളരെ പെട്ടെന്നായിരുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

അഫ്ഗാന്‍ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സ്കോട്‌ലന്‍ഡ് എല്ലാം വളരെ പെട്ടെന്ന് തീര്‍ത്തു. അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ ആദ്യ ഓവറില്‍ 11ഉം മുജീബിന്‍റെ ആദ്യ ഓവറില്‍ ആറും റണ്‍സടിച്ച സ്കോട്‌ലന്‍ഡ്  നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. എന്നാല്‍ സ്കോട്‌ലന്‍ഡിന്‍റെ പോരാട്ടം അവിടെ തീര്‍ന്നു. മുജീബ്‍ എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തില്‍ കോയ്റ്റ്സര്‍(10) ക്ലീന്‍ ബൗള്‍ഡായി. അതേ ഓവറിലെ അവസാന പന്തില്‍ ബെറിംഗ്ടണെ(0) മുജീബ് വിക്കറ്റിന് മുന്നില്‍ കുടുക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ മാത്യു ക്രോസിനെ നവീന്‍ വീഴ്ത്തി.

സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോററായ മുന്‍സേയെ(18 പന്തില്‍ 25) മടക്കി മുജീബ് സ്കോട്‌ലന്‍ഡിന്‍റെ നടുവൊടിച്ചു. പിന്നീട് റാഷിദ് ഖാന്‍റെ ഊഴമായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

മൈക്കല്‍ ലീസ്കിനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി വിക്കറ്റ് വേട്ട തുടങ്ങിയ റാഷിദ് സ്കോട്‌ലന്‍ഡിന്‍റെ വാലരിഞ്ഞു. ഇതിനിടെ മാര്‍ക്ക് വാട്ടിനെ ബൗള്‍ഡാക്കി മുജീബ് അഞ്ച് വിക്കറ്റേ നേട്ടം തികച്ചു. ജോര്‍ജ് മുന്‍സേ(25), ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റ്സര്‍(10), ക്രിസ് ഗ്രീവ്സ്(12) എന്നിവര്‍ മാത്രമാണ് സ്കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്.

 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നജീബുള്ള സര്‍ദ്രാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തത്. 33 പന്തില്‍ 59 റണ്‍സെടുത്ത സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍മാരായ ഹസ്രത്തുള്ള സാസായിയും മുഹമ്മദ് ഷെഹ്സാദും അഫ്ഗാന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 55 റണ്‍സടിച്ചു. 15 പന്തില്‍ 22 റണ്‍സെടുത്ത ഷെഹ്സാദിന്‍റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്.

ആദ്യ വിക്കറ്റ് നഷ്ടമാശേഷവും ഹസ്രത്തുള്ള സാസായി തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ സ്കോര്‍ അഥിവേഗം കുതിച്ചു. റഹ്മത്തുള്ള ഗുര്‍ബാസും മോശമാക്കിയില്ല. 30 പന്തില്‍ 44 റണ്‍സെടുത്ത സാസായിയെ മാര്‍ക്ക് വാട്ട് പുറത്താക്കിയശേഷമായിരുന്നു അഫ്ഗാന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 10 ഓവറില്‍ 82 റണ്‍സിലെത്തിയിരുന്നു.

സര്‍ദ്രാന്‍ വെടിക്കെട്ട്

മൂന്നാം വിക്കറ്റില്‍ നജീബുള്ള സര്‍ദ്രാനും ഗുര്‍ബാസും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. പത്താം ഓവറില്‍ ഒത്തുചേര്‍ന്ന ഇരുവരും പത്തൊമ്പതാം ഓവറിലാണ് വേര്‍പിരിഞ്ഞത്. 37 പന്തില്‍ 46 റണ്‍സെടുത്ത ഗുര്‍ബാസ് പുറത്തായശേഷം എത്തിയ മുഹമ്മദ് നബി നാലു പന്തില്‍ 11 റണ്‍സടിച്ച് അഫ്ഗാന്‍ സ്കോര്‍ 190ല്‍ എത്തിച്ചു.അവസാന നാലോവറില്‍  54 റണ്‍സാണ് അഫ്ഗാന്‍ അടിച്ചു കൂട്ടിയത്.

34 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തിയ സര്‍ദ്രാന്‍ ഇന്നിംഗ്സിലെ അവസാവ പന്തിലാണ് പുറത്തായത്. സ്കോട്‌ലന്‍ഡിനെതിരെ നേടിയ 190 റണ്‍സ് ടി20 ലോകകപ്പില്‍ അഫ്ഗാന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ്. 2016ല്‍ സിംബാബ്‌വെക്കെതിരെ നാഗ്പൂരില്‍ നേടിയ 186-6 ആണ് അഫ്ഗാന്‍ ഇന്ന് മറികടന്നത്.

click me!