ടി20 ലോകകപ്പ്: വിക്കറ്റ് പെയ്ത്തിനൊടുവില്‍ വിന്‍ഡീസിനെതിരെ വിയര്‍ത്തു ജയിച്ച് ഇംഗ്ലണ്ട്

By Web TeamFirst Published Oct 23, 2021, 10:05 PM IST
Highlights

പിന്നാലെ മൊയീന്‍ അലി(3) റണ്ണൗട്ടാവുകയും ലിയാം ലിവിംഗ്‌സ്റ്റണ്‍(1) അക്കീല്‍ ഹൊസൈന്‍റെ അവിശ്വസനീയ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താവുകയും ചെയ്തതോടെ ഇംഗ്ലണ്ട് പൊടുന്നനെ 39-4ലേക്ക് കൂപ്പുകുത്തി.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) വിക്കറ്റ് മഴ കണ്ട സൂപ്പര്‍ സിക്സ്(Super Six) പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ(West Indies) ആറ് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട്(England)  ആദ്യ ജയം കുറിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 39-4 എന്ന നിലയില്‍ പതറിയെങ്കിലും ജോസ് ബട്‌ലറും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയവര കടത്തി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 14.2 ഓവറില്‍ 55ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 8.2 ഓവറില്‍ 56-4.

വിയര്‍ത്തു ജയിച്ച് ഇംഗ്ലണ്ട്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സ് വിജയലക്ഷ്യം അനാസായം മറികടക്കാമെന്ന ഇംഗ്ലണ്ടിന്‍റെ കണക്കുകൂട്ടല്‍ ശരിവെക്കുന്നതായിരുന്നു വിന്‍ഡീസ് ബൗളര്‍മാരുടെ തുടക്കത്തിലെ പ്രകടനം. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സിലെത്തിയ ഇംഗ്ലണ്ടിന് നാലാം ഓവറില്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ(11) നഷ്ടമായി. രവി രാംപോളിനായിരുന്നു വിക്കറ്റ്. സ്കോര്‍ 30ല്‍ എത്തിയപ്പോള്‍ ജോണി ബെയര്‍സ്റ്റോയെ(9) മടക്കി അക്കീല്‍ ഹൊസൈന്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

പിന്നാലെ മൊയീന്‍ അലി(3) റണ്ണൗട്ടാവുകയും ലിയാം ലിവിംഗ്‌സ്റ്റണ്‍(1) അക്കീല്‍ ഹൊസൈന്‍റെ അവിശ്വസനീയ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താവുകയും ചെയ്തതോടെ ഇംഗ്ലണ്ട് പൊടുന്നനെ 39-4ലേക്ക് കൂപ്പുകുത്തി. എന്നാല്‍ വിജയം പിടിച്ചെടുക്കാനോ പ്രതിരോധിക്കാനോ ഉള്ള സ്കോര്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായതൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കി ക്രീസില്‍ നിന്ന ജോസ് ബട്‌ലര്‍(22  പന്തില്‍ 24*), ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമായി(7) ചേര്‍ന്ന് വിന്‍ഡീസ് വധം പൂര്‍ണമാക്കി. വിന്‍ഡീസിനായി അക്കീല്‍ ഹൊസൈന്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 14.2 ഓവറില്‍ 55 റണ്‍സിന് പുറത്തായി. വമ്പനടിക്കാര്‍ നിറഞ്ഞ വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ നിന്ന് ആകെ പിറന്നത് ഒരേയൊരു സിക്സര്‍ മാത്രമായിരുന്നു. അതും ആദ്യ ഓവറില്‍. 13 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍(Chris Gayle) മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റര്‍. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലും ടൈമല്‍ മില്‍സും മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിന്‍റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറും ലോകകപ്പില്‍ ഏതെങ്കിലും ഒരു ടീമിന്‍റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറുമാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

തുടക്കം മുതല്‍ വിന്‍ഡീസ് ഘോഷയാത്ര

രണ്ടാം ഓവര്‍ മുതലേ ഡഗ് ഔട്ടിലേക്ക് വിന്‍ഡീസ് ബാറ്റര്‍മാരുടെ ഘോഷയാത്ര തുടങ്ങി.  ആറ് റണ്‍സെടുത്ത എവിന്‍ ലൂയിസിനെ മടക്കി ക്രിസ് വോക്സാണ് വിന്‍ഡീസ് തകര്‍ച്ചക്ക് തിരികൊളുത്തിയത്. അടുത്ത ഓവറില്‍ ലെന്‍ഡല്‍ സിമണ്‍സിനെ(3) മൊയീന്‍ അലി വിന്‍ഡീസിനെ തുടക്കത്തിലെ പൂട്ടി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍(9) മടക്കിയ മൊയീന്‍ അലി വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടതിന് പിന്നാലെ നിലയുറപ്പിക്കാന്‍ സമയമെടുത്ത ക്രിസ് ഗെയ്ല്‍ മൂന്ന് ബൗണ്ടറികള്‍ പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും ടൈമല്‍ മില്‍സിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ ഡേവിഡ് മലന്‍റെ മനോഹരമായ ക്യാച്ചില്‍ വീണു. 13 പന്തില്‍ 13 റണ്‍സായിരുന്നു ഗെയ്‌ലിന്‍റെ സംഭാവന. ഇതോടെ വിന്‍ഡീസ് 31-4ലേക്ക് കൂപ്പുകുത്തി.

നടുവൊടിച്ച് റഷീദ്

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്ന് കരുതിയ വിന്‍ഡീസ് ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയായിരുന്നു. ക്രിസ് ഗെയ്‌ലിന് പിന്നാലെ ഡ്വയിന്‍ ബ്രാവോ(5), നിക്കോളാസ് പുരാന്‍(1), എന്നിവരെ നഷ്ടമായ ശേഷം വിന്‍ഡീസിന്‍റെ അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രെ റസലിനെയും(0), ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും(6)  മടക്കി ആദില്‍ റഷീദ് വിന്‍ഡീസിന്‍റെ നടുവൊടിച്ചു. വാലറ്റത്ത് ഒബെഡ് മക്കോയിയെയും(0), രവി രാംപോളിനെയും(3) കൂടി വീഴ്ത്തി റഷീദ് തന്നെ  വിന്‍ഡീസിന്‍റെ വാലരിഞ്ഞു. 2.2 ഓവറില്‍ വെറും രണ്ട് റണ്‍സ് വഴങ്ങിയാണ് റഷീദ് നാലു വിക്കറ്റെടുത്തത്. മൊയീന്‍ അലിയും ടൈമല്‍ മില്‍സും 17 റണ്‍സിന് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!