ടി20 ലോകകപ്പ്: പാകിസ്ഥാന് കിംഗ് കോലിയുടെ പ്രഹരം, ഫിഫ്റ്റി; തകര്‍ച്ചക്ക് ശേഷം ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍

Published : Oct 24, 2021, 09:20 PM ISTUpdated : Oct 24, 2021, 09:28 PM IST
ടി20 ലോകകപ്പ്: പാകിസ്ഥാന് കിംഗ് കോലിയുടെ പ്രഹരം, ഫിഫ്റ്റി; തകര്‍ച്ചക്ക് ശേഷം ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍

Synopsis

വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ ഇന്നിംഗ്‌സിന്‍റേയും കരുത്തില്‍ ഇന്ത്യ151 റണ്‍സെടുത്തു

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ അഭിമാനപ്പോരാട്ടത്തില്‍(IND vs PAK) തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ടീം ഇന്ത്യക്ക്(Team India) പൊരുതാവുന്ന സ്‌കോര്‍. വിരാട് കോലിയുടെ(Virat Kohli) അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ(Rishabh Pant) ഇന്നിംഗ്‌സിന്‍റേയും കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തു. ഒരുവേള 31-3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

തുടക്കം അഫ്രീദി കൊടുങ്കാറ്റോടെ!

2.1 ഓവറിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(0) കെ എല്‍ രാഹുലിനേയും(3) ഇന്‍-സ്വിങ്ങറുകളില്‍ പുറത്താക്കി പേസര്‍ ഷഹീന്‍ അഫ്രീദി തുടക്കത്തിലെ ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കി. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ എല്‍ബിയില്‍ പുറത്താവുകയായിരുന്നു. മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ പന്തില്‍ തന്നെ കെ എല്‍ രാഹുലിനെ ഒന്നാന്തരമൊരു ഇന്‍-സ്വിങ്ങറില്‍ അഫ്രീദി കുറ്റി പിഴുതു. 

അവിടംകൊണ്ടും അവസാനിച്ചില്ല. തന്‍റെ ആദ്യ ഓവര്‍ എറിയാനെത്തിയ ഹസന്‍ അലി നാലാം പന്തില്‍ സൂര്യകുമാറിനെ(11) വിക്കറ്റിന് പിന്നില്‍ റിസ്‌വാന്‍റെ കൈകളിലെത്തിച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 36-3 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ നാലാം വിക്കറ്റില്‍ 53 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി വിരാട് കോലിയും റിഷഭ് പന്തും രക്ഷകരായി. ഹസന്‍ അലിയെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ക്ക് പറത്തി ഗിയര്‍ മാറ്റിയ റിഷഭിനെ(39) 13-ാം ഓവറിലെ രണ്ടാം പന്തില്‍ ഷദാബ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 84-4. 

കരപറ്റിച്ച് കോലി 

ഇതിന് ശേഷം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു അഭിമാനപ്പോരാട്ടത്തില്‍ നായകന്‍റെ കളിയുമായി കിംഗ്‌ കോലി. എന്നാല്‍ കോലി 45 പന്തില്‍ ഫിഫ്റ്റി പിന്നിട്ടതിന് തൊട്ടുപിന്നാലെ ജഡേജയെ(13) 18-ാം ഓവറില്‍ ഹസന്‍ അലി പുറത്താക്കി. 19-ാം ഓവറില്‍ അഫ്രീദി കോലിയെ(49 പന്തില്‍ 57) റിസ്‌വാന്‍റെ കൈകളിലെത്തിച്ചു. റൗഫിന്‍റെ അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ(11) വീണത് ഇന്ത്യയുടെ ഫിനിഷിംഗ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഭുവിയും(5*) ഷമിയും(0*) പുറത്താകാതെ നിന്നു.  

ടോസ് പാകിസ്ഥാന്

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്‍റെ ആശങ്കയിലായിരുന്ന സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയാണ് മറ്റൊരു സ്‌പിന്നര്‍. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവനേശ്വര്‍ കുമാര്‍ മൂന്നാം പേസറായെത്തി. ബാറ്റിംഗില്‍ ഇഷാന്‍ കിഷനെ മറികടന്ന് സൂര്യകുമാര്‍ യാദവും സ്ഥാനം കണ്ടെത്തി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര. 

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഹാരിഫ് റൗഫ്, ഷഹീന്‍ അഫ്രീദി. 

ടി20 ലോകകപ്പ്: പാകിസ്ഥാന് മേല്‍ അവതരിച്ച് കിംഗ് കോലി, ഇന്ത്യന്‍ നായകന് കരുതലിന്‍റെ ഫിഫ്റ്റി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും