ടി20 ലോകകപ്പ്: നമീബിയയെയും വീഴ്ത്തി; വമ്പന്‍ ജയവുമായി സെമിയിലെത്തുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

Published : Nov 02, 2021, 11:22 PM IST
ടി20 ലോകകപ്പ്: നമീബിയയെയും വീഴ്ത്തി; വമ്പന്‍ ജയവുമായി സെമിയിലെത്തുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

Synopsis

കരുത്തുറ്റ പാക് ബൗളിംഗ് ആക്രമണത്തിനെതിരെ ജയത്തിലേക്ക് ബാറ്റുവീശാതെ പിടിച്ചു നില്‍ക്കാനാണ് നമീബിയ ശ്രമിച്ചത്. തുടക്കത്തിലെ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിംഗനെ(4) ഹസന്‍ അലി പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ സ്റ്റീഫന്‍ ബാര്‍ഡും ക്രെയ്ഗ് വില്യംസും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി നമീബിയയെ 50 കടത്തി.

അബുദാബി: ടി20 ലോകകപ്പിലെ( T20 World Cup 2021) സൂപ്പര്‍ 12(Super12) പോരാട്ടത്തില്‍ നമീബിയയെ(Namibia)45 റണ്‍സിന് കീഴടക്കി സെമിയിലെത്തുന്ന ടീമായി പാക്കിസ്ഥാന്‍((Pakistan) )സെമിയില്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 190 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് വീസാണ്(David Wiese) നമീബിയയുടെ ടോപ് സ്കോറര്‍.

നമീബിയക്കായി ക്രെയ്ഗ് വില്യംസ് 40 റണ്‍സെടുത്തു. നാലാം ജയത്തോടെ ഗ്രൂപ്പില്‍ എട്ടു പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഇതുവരെ കളിച്ച ഏഴ് ടി20 ലോകകപ്പുകളില്‍ അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ സെമിയിലെത്തുന്നത്. സ്കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 189-2, നമീബിയ 20 ഓവറില്‍ 144-5.

ജയത്തിലേക്ക് ബാറ്റുവീശാതെ നമീബിയ

കരുത്തുറ്റ പാക് ബൗളിംഗ് ആക്രമണത്തിനെതിരെ ജയത്തിലേക്ക് ബാറ്റുവീശാതെ പിടിച്ചു നില്‍ക്കാനാണ് നമീബിയ ശ്രമിച്ചത്. തുടക്കത്തിലെ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിംഗനെ(4) ഹസന്‍ അലി പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ സ്റ്റീഫന്‍ ബാര്‍ഡും ക്രെയ്ഗ് വില്യംസും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി നമീബിയയെ 50 കടത്തി.

ബെറാര്‍ഡ്(29) പുറത്തായശേഷം ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മുസ്(15), ഡേവിഡ് വീസ്(31 പന്തില്‍ 43*) എന്നിലര്‍ നടത്തിയ പോരാട്ടത്തിന് നമീബിയയുടെ തോല്‍വിഭാരം കുറക്കാനായെന്ന് മാത്രം. പാക്കിസ്ഥാനുവേണ്ടി ഹസന്‍ അലി നാലോവറില്‍ 22 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിം മൂന്നോവറില്‍ 13 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും(Babar Azam) ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്.

50  പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്ന റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ബാബര്‍ അസം 49 പന്തില്‍ 70 റണ്‍സെടുത്ത് പുറത്തായി. 16 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസും പാക് സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി.

മെല്ലെത്തുടങ്ങി കത്തിക്കയറിയ പാക്കിസ്ഥാന്‍

ഓപ്പണിംഗ് വിക്കറ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി റിസ്‌വാനും ബാബറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞതെങ്കിലും പാക്കിസ്ഥാന്‍ഥെ തുടക്കം മന്ദഗതിയിലായിരുന്നു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 29 റണ്‍സ് മാത്രമെ പാക് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. തുടക്കത്തില്‍ റിസ്‌വാന്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും ബാബര്‍ തകര്‍ത്തടിച്ചതോടെ പാക്കിസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു.

പത്താം ഓവര്‍ പിന്നിട്ടപ്പോള്‍ 59 റണ്‍സായിരുന്നു പാക് സ്കോര്‍.  39 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ബാബര്‍ 49 പന്തില്‍ 70 റണ്‍സടിച്ച് പുറത്താവുമ്പോള്‍ പാക് സ്കോര്‍ പതിനഞ്ചാം ഓവറില്‍ 113ല്‍ എത്തിയിരുന്നു. ബാബറിന് ശേഷമെത്തിയ ഫഖര്‍ സമനെ(5) പെട്ടെന്ന് നഷ്ടമായെങ്കിലും നാലാം നമ്പറിലെത്തിയ മുഹമ്മദ് ഹഫീസ് തകര്‍ത്തടിച്ചതോടെ പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി.

42 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച റിസ്‌വാന്‍ അവസാന ഓവറുകളില്‍ നമീബിയന്‍ ബൗളര്‍മാരെ നാലുപാടും പറത്തിയതോടെ പാക്കിസ്ഥാന്‍ സ്കോര്‍ റണ്‍സിലെത്തി. ജെ ജെ സ്മിത് എറിഞ്ഞ അവസാന  ഓവറില്‍ നാലു ബൗണ്ടറിയും ഒറു സിക്സുമടക്കം 24 റണ്‍സാണ് റിസ്‌വാന്‍ അടിച്ചുകൂട്ടിയത്. അവസാന പത്തോവറില്‍ 130 റണ്‍സാണ് പാക്കിസ്ഥാന്‍ അടിച്ചുകൂട്ടിയത്.

നമീബിയയുടെ ജെ ജെ സ്മിത് നാലോവറില്‍ 50 റണ്‍സ് വഴങ്ങിയപ്പോള്‍ റൂബന്‍ ട്രംപിള്‍മാന്‍ നാലോവറില്‍ 36 റണ്‍സിനും ഡേവിഡ് വീസ് നാലോവറില്‍ 30 റണ്‍സിനും ഓരോ വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍