അയാളെ കളിപ്പിച്ചതാണ് ഇന്ത്യക്ക് പറ്റിയ വലിയ തെറ്റ്, പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് ഇന്‍സമാം

By Web TeamFirst Published Oct 26, 2021, 6:34 PM IST
Highlights

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ടീം സെലക്ഷന്‍ പാടെ പാളി. ഹര്‍ദ്ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് അവര്‍ക്ക് പറ്റിയ വലിയ പിഴവ്. എന്നാല്‍ അതേസമയം, ബാബര്‍ അസമിന് തന്‍റെ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മത്സരത്തില്‍ പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ(India vs Pakistan) പത്ത് വിക്കറ്റ് തോല്‍വി വഴങ്ങിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്(Inzamam-ul-Haq). ഹര്‍ദ്ദിക് പാണ്ഡ്യയെ(Hardik Pandya) അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതാാണ് ഇന്ത്യക്ക് പറ്റിയ വലിയ തെറ്റെന്ന് ഇന്‍സമാം പറഞ്ഞു. അഞ്ച് ബൗളര്‍മാരുമായി മാത്രം കളിക്കാനിറങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായെന്നും ഇന്‍സമാം തന്‍റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ടീം സെലക്ഷന്‍ പാടെ പാളി. ഹര്‍ദ്ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് അവര്‍ക്ക് പറ്റിയ വലിയ പിഴവ്. എന്നാല്‍ അതേസമയം, ബാബര്‍ അസമിന് തന്‍റെ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മത്സരത്തില്‍ പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. പരിക്കുപറ്റിയശേഷം അത് പുറത്തുകാണിച്ചതും വലിയ അബദ്ധമായിപ്പോയി. കാരണം ഇത്തരം കടുത്ത പോരാട്ടങ്ങളില്‍ എതിരാളികള്‍ക്ക് മാനസിക മുന്‍തൂക്കം നല്‍കുന്ന നടപടിയാണത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറൊക്കെ പന്ത് ദേഹത്തുകൊണ്ടാലും വേദന പുറത്തു കാട്ടാതെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വേദനിച്ചു എന്നതിന്‍റെ യാതൊരു സൂചനും അവര്‍ നല്‍കില്ല. എന്നാല്‍ പാണ്ഡ്യ തന്‍റെ തോളില്‍ പിടിച്ച് പരിക്കിന്‍റെ വേദന പുറത്തുകാട്ടിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്ന് പാക്കിസ്ഥാന് മനസിലായി. അദ്ദേഹം ഫീല്‍ഡ് ചെയ്യാനോ ബൗള്‍ ചെയ്യാനോ ഇറങ്ങിയതുമില്ല. ആറാം ബൗളറുട അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. അത് കോലിയെ വലിയ സമ്മര്‍ദ്ദത്തിലാക്കി.

ബൗളിംഗ് വൈവിധ്യം കൊണ്ടും ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചും ബാബര്‍ അസം ഇവിടെയാമ് കോലിയെ പിന്നിലാക്കിയത്. മുഹമ്മദ് ഹപീസിന്‍റെ രണ്ടോവര്‍ എങ്ങനെയാണ് ബാബര്‍ ഫലപ്രദമായി എറിഞ്ഞു തീര്‍ത്തത് എന്ന് നോക്കിയാല്‍ മതി ഇക്കാര്യം വ്യക്തമാവുമെന്നും ഇന്‍സമാമം പറഞ്ഞു.

പാക്കിസ്ഥാനെതിരെ നിര്‍മായക പോരാട്ടത്തില്‍ പത്തുവിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 55 പന്തില്‍ 79 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനും 52 പന്തില്‍ 68 റണ്‍സുമായി ബാബര്‍ അസമും പുറത്താകാതെ നിന്നു.

click me!