ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കി സെവാഗ്

By Web TeamFirst Published Oct 19, 2021, 5:22 PM IST
Highlights

2011, 2003 ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരങ്ങള്‍ക്ക് മുമ്പും ഇതുപോലെ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ വീരവാദങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ ഞങ്ങള്‍ ചരിത്രം മാറ്റിയെഴുതുമെന്നൊക്കെ പാക്കിസ്ഥാനിലെ ചില വാര്‍ത്താ അവതാരകര്‍ പറഞ്ഞിരുന്നു.

ദുബായ്: ഐപിഎല്‍(IPL 2021) പൂരത്തിനുശേഷം ടി20 ലോകകപ്പ്(T20 World Cup 2021) പോരാട്ടങ്ങള്‍ക്ക് യുഎഇ(UAE) വേദിയാവുകയാണ്. 24ന് നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍(India vs Pakistan) ഗ്ലാമര്‍  പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുരാജ്യത്തെയും ക്രിക്കറ്റ് ആരാധകര്‍. ഏകദിന ലോകകപ്പിലെന്നപോലെ ടി20 ലോകകപ്പിലും പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

ടി20 ലോകകപ്പില്‍ ഇതിന് മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലിലെ ത്രസിപ്പിക്കുന്ന ജയവും ഇതിലുള്‍പ്പെടും. ലോകകപ്പുകളില്‍ എന്തുകൊണ്ടാണ് പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനാവാത്തതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. വമ്പന്‍ പോരാട്ടങ്ങള്‍ക്ക് മുമ്പ് വെറുതെ വാചകമടിക്കാന്‍ ഇന്ത്യ നില്‍ക്കാറില്ലെന്നും അതാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയരഹസ്യമെന്നും സെവാഗ് പറഞ്ഞു.

സമ്മര്‍ദ്ദഘട്ടങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതും വാചകമടിക്ക് പകരം തയാറെടുപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തുടര്‍വിജയങ്ങള്‍ക്ക് കാരണം. ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് അവരുടെ വാര്‍ത്താ അവതാരകരുടെ ഭാഗത്തു നിന്നെല്ലാം വലിയ അവകാശവാദങ്ങളും വീരവാദങ്ങളുമെല്ലാം ഉയരാറുണ്ട്. ഇന്ത്യ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദമൊന്നും ഇല്ലാതെ കളിക്കാന്‍ ഇന്ത്യക്കാവും.

2011, 2003 ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരങ്ങള്‍ക്ക് മുമ്പും ഇതുപോലെ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ വീരവാദങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ ഞങ്ങള്‍ ചരിത്രം മാറ്റിയെഴുതുമെന്നൊക്കെ പാക്കിസ്ഥാനിലെ ചില വാര്‍ത്താ അവതാരകര്‍ പറഞ്ഞിരുന്നു. ഇന്ത്യ അത്തരം വീരവാദങ്ങളൊന്നും മുഴക്കാതെ മത്സരത്തിനുള്ള തയാറെടുപ്പിലാണ് പ്രാധാന്യം കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മത്സരഫലം എന്താവുമെന്ന് നമുക്ക് നേരത്തെ പ്രവചിക്കാനാവുമെന്നും സെവാഗ് പറഞ്ഞു.

അതേസമയം, ടി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനാവുമെന്നും സെവാഗ് പറഞ്ഞു. പാക്കിസ്ഥാന്‍ ടീമില്‍ നിരവധി മാച്ച് വിന്നര്‍മാരുണ്ട്. ബാബര്‍ അസം, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയവര്‍. ടി20 എപ്പോഴും പ്രവചനാതീതമാണ്. ഏതെങ്കിലും ഒരു കളിക്കാരന് ഒറ്റക്ക് ഏതാനും പന്തുകള്‍കൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റാനാവും.

അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇത്തവണ പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത്. കാരണം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ അത്ര മികച്ച ഫോമിലല്ല. എന്നാല്‍ ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന് മികവ് കാട്ടാനാകുമെന്നും സെവാഗ് പറഞ്ഞു.

click me!