
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയയിലെ കാലം തെറ്റിയ കാലാവസ്ഥയിലാണ് ആരാധകരുടെ കണ്ണുകള്‍. ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങളാണ് ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ടത്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടവും ഇതില്‍പ്പെടും. സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ ഇത് നിര്‍ണായകമാകുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ ദിവസം അഡ്‌ലെയ്ഡില്‍ മഴ പെയ്യുമോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഓസ്ട്രേലിയന്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്നത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും അത് രാവിലെയായിരിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കില്ല.
ഒരെയൊരു 'മിസ്റ്റര്‍ 360'യെ ലോകത്തുള്ളൂവെന്ന് സൂര്യകുമാര്‍; പ്രതികരിച്ച് ഡിവില്ലിയേഴ്സ്
മത്സരദിവസം 16-24 ഡിഗ്രിവരെ ചൂടുള്ള കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 15-20 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഐസിസിയുടെ പുതിയ നിയമമനുസരിച്ച് നോക്കൗട്ട് മത്സരങ്ങളില്‍ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും മത്സരം നടന്നാലെ മത്സരത്തിന് ഫലമുണ്ടാവു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇത് അഞ്ചോവര്‍ വീതമായിരുന്നു.
മഴ മൂലം മത്സരം നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ച മത്സരം നടത്തും. നോക്കൗട്ട് മത്സരങ്ങള്‍ക്ക് മാത്രമാണ് റിസര്‍വ് ദിനുമുള്ളത്. സൂപ്പര്‍ 12 റൗണ്ടില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയത്. അതേസമയം, ഇംഗ്ലണ്ടാകട്ടെ അഞ്ചില്‍ മൂന്ന് കളികളില്‍ ജയിച്ചപ്പോള്‍ അയര്‍ലന്‍ഡിനോട് തോറ്റു. ഓസ്ട്രേലിയക്കെതിരായ മത്സരം മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!