
അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സെമി ഏതാണ് ഉറപ്പിക്കാമെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇന്നലെ താറുമാറായിരുന്നു. പ്രോട്ടീസിനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ ബംഗ്ലാദേശിനും സിംബാബ്‌വെക്കും എതിരായ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ നിര്‍ണായകമായി. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്.
അഡ്‌ലെയ്‌ഡ് ഓവലില്‍ നവംബര്‍ രണ്ടാം തിയതിയാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യന്‍ ടീം തയ്യാറെടുക്കേ അഡ്‌ലെയ്‌ഡിലെ കാലാവസ്ഥാ പ്രവചനമാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. തിങ്കള്‍, ചൊവ്വാഴ്‌ച ദിനങ്ങളില്‍ അഡ്‌ലെയ്‌ഡില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. മത്സരദിനമായ ബുധനാഴ്‌ചയും മഴയ്ക്ക് സാധ്യതയുണ്ട്. മത്സരത്തെ മഴ തടസപ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളൂ. മത്സരത്തിന് തൊട്ടുമുമ്പോ മത്സരത്തിനിടയ്‌ക്കോ മഴ പെയ്‌താല്‍ പൊതുവേ ബാറ്റിംഗ് സൗഹാര്‍ദമായ അഡ്‌ലെയ്‌ഡ് പിച്ചിന്‍റെ ഗതിയെന്താകും എന്ന് കണ്ടറിയണം.
ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.
ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഈ ടൂര്‍ണമെന്‍റില്‍ ടീം ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഡേവിഡ് മില്ലര്‍ 46 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെനിന്നു. ഏയ്‌ഡന്‍ മാര്‍ക്രം 41 പന്തില്‍ 52 നേടി. നേരത്തെ നാല് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയും മൂന്ന് പേരെ പുറത്താക്കിയ വെയ്‌ന്‍ പാര്‍നലും ഇന്ത്യയെ 20 ഓവറില്‍ 9 വിക്കറ്റിന് 133 എന്ന സ്കോറിലൊതുക്കുകയായിരുന്നു.
കെ എല്‍ രാഹുല്‍ എയറില്‍ നിന്നിറങ്ങാന്‍ ഒരു സാധ്യതയും കാണുന്നില്ല; ആരാധകര്‍ കലിപ്പില്‍ തന്നെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!