
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിൽ നാളെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിയായിരിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
കഴിഞ്ഞ വർഷത്തെ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയെ തളർത്തിയത് ഷഹീൻ ഷാ അഫ്രീദിയുടെ അതിവേഗ പന്തുകളായിരുന്നു. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും തുടക്കത്തിലേ വീണപ്പോൾ ഇന്ത്യയുടെ താളംതെറ്റി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയവും സ്വന്തമാക്കി. നാളെ മെൽബണിൽ ഇറങ്ങുമ്പോഴും അഫ്രീദി തന്നെയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ പ്രത്യേക പരിശീലനമാണ് ഇന്ത്യൻ ബാറ്റർമാർ നടത്തുന്നത്. നെറ്റ്സിൽ അഫ്രീദിയുടെ പേസും സ്വിംഗും ബൗൺസും ലെംഗ്‌തും അനുസരിച്ചുള്ള പന്തുകളെറിഞ്ഞാണ് പരിശീലനം. രോഹിത്താണ് കൂടുതൽ സമയം ഇങ്ങനെ പരിശീലനം നടത്തിയത്.
ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പന്തുകൾക്കനുസരിച്ചും രോഹിത് ബാറ്റിംഗ് പരിശീലനം നടത്തി. ത്രോഡൗൺ ബൗളർമാർക്കൊപ്പം മുഹമ്മദ് സിറാജും ഷാർദുൽ താക്കൂറും നെറ്റ്സിൽ പന്തെറിഞ്ഞു. അഫ്രീദി കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ് പാകിസ്ഥാൻ. സന്നാഹമത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെ റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക് ടീമിലെത്തുമെന്നാണ് സൂചന. പന്ത് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ ദിനേശ് കാർത്തിക്ക് ബാറ്റിംഗ് കീപ്പിംഗ് പരിശീലനത്തിൽ സജീവമായി. വിരാട് കോലി, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവരും പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു.
ടി20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്നത്തെ രണ്ടാംമത്സരത്തിൽ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക് അഫ‌്‌ഗാനിസ്ഥാനെ ഇംഗ്ലണ്ട് നേരിടും.
ട്വന്‍റി 20 ലോകകപ്പ്: സൂപ്പർ-12 പോരാട്ടങ്ങള്‍ ഇന്നുമുതല്‍; കിവീസും ഓസീസും നേര്‍ക്കുനേര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!