
അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഏറ്റവും പഴികേട്ട ബാറ്റര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. തന്‍റെ ബാറ്റിംഗിനെ നെടുംതൂണായി കാണുന്ന ഒരു ടീമിന് യാതൊരു സംഭാവനയും നല്‍കാന്‍ ടൂര്‍ണമെന്‍റിനിടെ ബാബറിനായില്ല. നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഒരക്കത്തില്‍ പുറത്തായ താരം ന്യൂസിലന്‍ഡിനെതിരായ സെമിക്ക് മുമ്പ് കഠിനപരിശ്രമത്തിലാണ്. പാകിസ്ഥാന്‍ താരങ്ങളെല്ലാം ഇന്ന് വിശ്രമമെടുത്തപ്പോള്‍ ബാബര്‍ നെറ്റ്‌സില്‍ പരിശീലനത്തിന് സമയം ചിലവഴിച്ചു.
ലോകകപ്പിലെ സൂപ്പര്‍-12 റൗണ്ടില്‍ 0, 4, 4, 6, 25 എന്നിങ്ങനെയായിരുന്നു ബാബര്‍ അസമിന്‍റെ സ്കോറുകള്‍. ഓപ്പണറും നായകനും എന്ന നിലയില്‍ ബാബര്‍ കടുത്ത പരിഹാസമാണ് ഈ ദയനീയ പ്രകടനത്തില്‍ നേരിടുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്‍കാന്‍ എട്ട് ഓവര്‍ പരിശീലനം താരം സെമി തലേന്നായ ഇന്ന് നെറ്റ്‌സില്‍ നടത്തി. അഞ്ചില്‍ നാല് മത്സരങ്ങളിലും പവര്‍പ്ലേയ്ക്കിടെ ബാബര്‍ പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍-12 മത്സരത്തില്‍ മാത്രമാണ് ബാബറിന് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. എന്നാല്‍ വമ്പന്‍ സ്കോറിലേക്ക് എത്താനുമായില്ല. സിഡ്‌നിയില്‍ നാളെയാണ് പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ആദ്യ സെമി. പാകിസ്ഥാനെ ബാബര്‍ അസമും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണുമാണ് നയിക്കുക.
നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍. ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും ജയം പാകിസ്ഥാനായിരുന്നു. അവസാനം നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. അവസാനം നടന്ന ആറ് മത്സരങ്ങളില്‍ നാലിലും പാകിസ്ഥാന്‍ ജയിക്കുകയുണ്ടായി. ലോകകപ്പ് സെമികളില്‍ മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്ഥാനായിരുന്നു ജയം. ഇക്കുറി ഓസ്ട്രേലിയയില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍ വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമിയില്‍ ഇന്ത്യക്ക് കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.